ദില്ലി: മനുഷ്യനുണ്ടായത് കുരങ്ങ് പരിണമിച്ചല്ലെന്ന കേന്ദ്രസഹമന്ത്രി സത്യപാല്‍ സിംഗിനെ തിരുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി, സഹമന്ത്രിയെ ഉപദേശിച്ചു. 

നമ്മുടെ പൂര്‍വികരില്‍ ഒരാളും വാമൊഴിയാലോ വരമൊഴിയാലോ കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ ഡാര്‍വിന്റെ പിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു കേന്ദ്രസഹമന്ത്രി സഹ്യപാല്‍ സിംഗിന്റെ കണ്ടെത്തല്‍. ഡാര്‍വിന്‍ സിദ്ധാന്തത്തിനെതിരേ ദേശീയ സെമിനാര്‍ നടത്തുമെന്നും പാഠ്യവിഷയങ്ങളില്‍നിന്ന് ഇതൊഴിവാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞിരുന്നു. സത്യപാലിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 

എന്നാല്‍ ഡാര്‍വിന്‍ സിദ്ധാന്തം തെളിയിക്കാന്‍ ഒരു ദേശീയ സെമിനാറിന്റെ ആവശ്യമില്ലെന്നും അത്തരമൊന്ന് നടത്താന്‍ ആലോചിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ശാസ്ത്രജ്ഞരും ശാസ്ത്രലോകവുമാണ് അന്തിമനിഗമനങ്ങളിലെത്തുന്നത്. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളിലിടപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും കേന്ദ്രമന്ത്രി തന്റെ മന്ത്രാലയത്തിലെ സഹമന്ത്രിയെ ഉപദേശിച്ചു.