ദില്ലി: അഗസ്റ്റവെസ്റ്റ്ലാന്‍റ് ഇടപാടിലെ വ്യവസ്ഥകളിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍സിംഗിന്‍റെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയതെന്ന് വ്യോമസേന മുൻ മേധാവി എസ്.പി.ത്യാഗി സിബിഐ കോടതിയിൽ വെളിപ്പെടുത്തി. താൻ അഴിമതിക്കാരനല്ലെന്നും തന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാവുന്നതാണെന്നും ത്യാഗി കോടതിയെ അറിയിച്ചു. ത്യാഗി ഉൾപ്പടെ അറസ്റ്റിലായ മൂന്നുപേരെയും നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

 3546 കോടി രൂപയുടെ അഗസ്റ്റവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെയാണ് വ്യോമസേന മുൻ മേധാവി എസ്.പി.ത്യാഗി, അദ്ദേഹത്തിന്‍റെ ബന്ധുവായ ജൂലി ത്യാഗി, അഭിഭാഷകൻ ഗൗതം കെയ്താൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. എസ്.പി.ത്യാഗിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്നും പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും പ്രത്യേക കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടു. 

എന്നാൽ കസ്റ്റഡിയിൽ വെച്ച് തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സിബിഐയോട് തുടക്കം മുതൽ സഹകരിക്കുന്ന ആളാണ് താനെന്നും ത്യാഗി വാദിച്ചു.  അഗസ്റ്റ കരാറിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തിത് 2005ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍സിംഗിന്‍റെ ഓഫീസ് അറിഞ്ഞുകൊണ്ടാണ്. വിവിധ വകുപ്പുകൾ ചേര്‍ന്നാണ് അക്കാര്യത്തിൽ തീരുമാനം എടുത്തത്. താന അഴിമതിക്കാരനല്ല. 

തന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാവുന്നതാണ്. 2002ൽ വാങ്ങിയ കൃഷിഭൂമിയുട പേരിലാണ് തന്നെ കേസിൽ പ്രതിയാക്കുന്നതെന്നും ത്യാഗി കോടതിയിൽ പറ‍ഞ്ഞു. വാദങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി ത്യാഗി ഉൾപ്പടെയുള്ള മൂന്നുപേരെയും നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അഗസ്റ്റകരാറിൽ മൻമോഹന്‍സിംഗിന്‍റെ ഓഫീസ് ഇടപെട്ടിരുന്നു എന്ന് ആദ്യമായാണ് എസ്.പി.ത്യാഗി കോടതിക്ക്മുമ്പിൽ പറയുന്നത്. 

ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ സിബിഐയുടെ നീക്കങ്ങൾ നിര്‍ണായകമാകും. ഹെലികോപ്റ്ററിന്‍റെ പറക്കൽ ഉയരം 6000ത്തിൽ നിന്ന് 4500 മീറ്റർ ആക്കി കുറച്ചതും , കാബിൻ ഉയരം 1.8 ആക്കിയതും, പരീക്ഷണ പറക്കൽ വിദേശത്ത് മാതിയെന്ന് തീരുമാനിച്ചതുമാണ് വ്യവസ്ഥകളിലെ പ്രധാനമാറ്റങ്ങൾ. ഇറ്റാലിയൻ കമ്പനിക്ക് കരാർ ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.