ദില്ലി: രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് വിമുക്ത ഭടന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. കര-നാവിക-വ്യോമസേനകളിലെ നൂറിലേറെ വിരമിച്ച ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഹിന്ദുക്കളുടെ സംരക്ഷകര്‍ എന്നവകാശപ്പെട്ട് ഒരുകൂട്ടം ആളുകള്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ആക്രമണം നടത്തുകയാണെന്ന് കത്തില്‍ പറയുന്നു. ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നു. ഇതിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനാകില്ല. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. എന്നാല്‍ ഇന്ന് അതിന് ഇളക്കം സംഭവിക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും മുന്‍ സൈനികര്‍ ചൂണ്ടിക്കാട്ടുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് വിമുക്തസൈനികരുടെ പ്രധാന ആവശ്യം.