അങ്കാറ: തുർക്കി പ്രസിഡന്‍റിനെ വിമർശിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടതിന് മുൻ മിസ് തുർക്കിയും മോഡലുമായ മെർവ് ബ്യുക് സാരക്ക് ഇസ്താംബൂൾ കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. 

ഇന്‍സ്റ്റഗ്രാമില്‍ എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാണ് മെര്‍വിനു കോടതി ശിക്ഷ വിധിച്ചതെന്നു ദോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ഗാനത്തില്‍നിന്നുള്ള ഭാഗങ്ങള്‍ കവിതയില്‍ ഉദ്ധരിച്ചതും കുറ്റമായി കോടതി വിധിച്ചു. എര്‍ദോഗന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ 'കവിതയെഴുത്ത്'. 

2014 ഓഗസ്റ്റില്‍ എര്‍ദോഗന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2006ലാണ് മെര്‍വ് ബുയുക്‌സര്‍ക് മിസ് തുര്‍ക്കി പട്ടം ചൂടിയത്. എര്‍ദോഗന്‍ പ്രസിഡന്റ് പദത്തിലെത്തിയശേഷം 2000ല്‍ അധികംപേരെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.