ശ്രീനിലയത്തിൽ ശ്രീകുമാർ, ഭാര്യ ദീപ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായവും 25 ലിറ്റർ മദ്യവും പിടികൂടി...
കൊച്ചി: കോതമംഗലത്ത് വീട്ടിൽ ചാരായ വിൽപ്പന നടത്തിയ മുൻ പൊലീസുകാരനും ഭാര്യയും അറസ്റ്റിൽ. കോതമംഗലം കറുകടം ഭാഗത്ത് വാറ്റ് ചാരായവും വിദേശമദ്യവും വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീനിലയത്തിൽ ശ്രീകുമാർ, ഭാര്യ ദീപ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്.
ഇവരുടെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായവും 25 ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു. ചില്ലറ വിൽപ്പനക്കായി വിദേശ മദ്യവും ചാരായവും നിറക്കാൻ സൂക്ഷിച്ചിരുന്ന 70 കുപ്പികളും കസ്റ്റഡിയിലെടുത്തു. കോതമഗംലം പുന്നക്കാട് സ്വദേശി ജോണിയാണ് ചാരായം എത്തിച്ചു നൽകിയതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോണിയെ പുന്നക്കാട്ടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
നാല് ലിറ്റർ ചാരായവും വീട്ടിൽ നിന്നും കണ്ടെടുത്തു. തട്ടേക്കാട് വനത്തിനുള്ളിൽ വച്ചാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഇവിടെ നടത്തിയ റെയ്ഡിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വനത്തിനുള്ളിൽ വച്ച് ചാരായം വാറ്റി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ജോണി ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
