സൗദിയില്‍ പദവി ദുരുപയോഗം ചെയ്ത മുന്‍മന്ത്രിക്കെതിരെ ശിക്ഷാ നടപടി വരുന്നു. മാനദണ്ഡങ്ങള്‍ മറികടന്നു മകന് ജോലി നല്‍കിയതാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭാ അഴിച്ചുപണിയില്‍ സിവില്‍ അഫയ്ഴ്‌സ് മന്ത്രി ഖാലിദ് അല്‍ അറാജിനു സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രി തന്റെ മകനെ ഉന്നത തസ്തികയില്‍ ജോലിക്ക് വെച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി വരുന്നത്. പദവി ദുരുപയോഗം ചെയ്യല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. മന്ത്രിമാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ട് 58 വര്‍ഷമായി. എന്നാല്‍ ഈ നിയമം വന്നതിനു ശേഷം ആദ്യമായാണ്‌ഒരു മന്ത്രി നടപടി നേരിടുന്നത്.
സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള മകനെ നഗര-ഗ്രാമകാര്യ വകുപ്പിലെ ഉന്നത തസ്തികയില്‍ നിയമിച്ചു എന്നതാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. 21,600 റിയാല്‍ പ്രതിമാസ ശമ്പളത്തിനായിരുന്നു 33കാരനായ മകന്റെ നിയമനം. പരിചയ സമ്പത്തും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്ക് മാത്രം നീക്കിവെച്ചതാണ് ഈ തസ്തിക. മന്ത്രിയുടെ പദവി ദുരുപയോഗത്തെ കുറിച്ച് നേരത്തെ ദേശീയ അഴിമതി വിരുദ്ധ സമിതിയും, ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗെഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷനും രാജാവിന് പരാതി നല്‍കിയിരുന്നു. മൂന്നു മന്ത്രിമാരും രണ്ടു ഹൈക്കോടതി ജഡ്ജിമാരും അടങ്ങുന്ന പ്രത്യേക സമിതി ഇതുസംബന്ധമായി അന്വേഷണം നടത്തും. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി കോടതിയില്‍ സമര്‍പ്പിക്കും.
