ഒരു റാങ്ക് ഒരു പെന്‍ഷന് വേണ്ടിയുള്ള സമരത്തിനിടെ ദില്ലിയില്‍ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാംകൃഷ്ണ ഗ്രേവാളിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജന്മനാടായ ഹരിയാനയിലെ ബിവാനിയിലേക്ക് കൊണ്ടുപോയി. ബിവാനില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ എത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്‌റിയാന്‍ ഉള്‍പ്പടെയുള്ള നേതാക്കളും എത്തി. വിമുക്ത ഭടന് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും അതിന് ശേഷം ദില്ലി പൊലീസ് നടത്തിയ ഇടപെടലുമൊക്കെ രാജ്യത്തിന് അപമാനമായെന്ന് നേതാക്കള്‍ പ്രതികരിച്ചു.
വിമുക്ത ഭടന്റെ മൃതദേഹം കാണാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രണ്ടുതവണ ദില്ലി പൊലീസ് രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍ എടുത്തിരുന്നു. അത് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും വഴിയൊരുക്കി.
അതേസമയം വിമുക്ത ഭടന്റെ മരണം രാഷ്ട്രീവത്കരിച്ച് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനിടെ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാംകൃഷ്ണ ഗ്രേവാളിന് ഒരേ റാങ്ക് പെന്‍ഷന്‍ നല്‍കിയിരുന്നു എന്ന വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. പെന്‍ഷന്‍ കണക്കാക്കുന്നതില്‍ ബാങ്കിന് പറ്റിയ പിഴവാണ് അര്‍ഹമായ തുക ഗ്രേവാളിന്റെ അക്കൗണ്ടില്‍ വരാത്തതിന് കാരണം. 5057 കോടി രൂപയാണ് ഒരേ റാങ്ക് പെന്‍ഷന്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
