Asianet News Malayalam

'ഇത് ഗോൾഡൻ ഓപ്പർച്യൂണിറ്റി' ; ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ വെളിപ്പെടുത്തിയത്

ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുവര്‍ണാവസരമാണ്. ശബരിമല ഒരു സമസ്യയാണ് അത് എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ല. നമ്മുടെ കയ്യിലേക്ക്  കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എതിരാളികള്‍ ഓരോരുത്തരായി അടിയറവ് പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

excerpts of ps sreedharanpilla s speech
Author
Kozhikode, First Published Nov 5, 2018, 1:41 PM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട് തുലാമാസ പൂജയ്ക്കിടെ ശബരിമല നട അടച്ചിടാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലാണ് പറഞ്ഞത്. യോഗത്തിൽ നിന്നും ചോർന്നുകിട്ടിയ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ഐജി ശ്രീജിത്ത്  രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും  തന്‍റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്തെ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിളള പറയുന്നു.

ശബരിമലയിലെ നിലവിലെ സാഹചര്യം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണാവസരം ആണെന്നും ബിജെപി വരക്കുന്ന വരയിലൂടെ കാര്യങ്ങൾ കൊണ്ടുപോകാമെന്നും ശ്രീധരന്‍പിളള പറയുന്നു. ശബരിമലയില്‍ ബിജെപി ഒരു പദ്ധതി നടപ്പാക്കുകയാണ്. അതെങ്ങനെ പോകുമെന്ന് കാണാം എന്നും ശ്രീധരൻ പിള്ള യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളുടെ ലിഖിത രൂപം ചുവടെ:

"ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്... നമുക്കൊരു വര വരച്ചാൽ വരയിലൂടെ അത് കൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് ഞാൻ കരുതുകയാണ്

അതുകൊണ്ട് ഞാൻ പറയാനാഗ്രഹിക്കുന്നു, ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ മലയാളമാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ, 17 മുതൽ 28 വരെയുള്ള സമരം... ഏതാണ്ട് ബിജെപിയാണ് അത് പ്ലാൻ ചെയ്ത് നടപ്പാക്കിയത്. നമ്മുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാര്‍ നിർദ്ദേശിക്കപ്പെടതനുസരിച്ച് ഓരോ സ്ഥലത്തുപോയി നിന്നു. അവർക്ക് വിജയകരമായി ആ കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു.

അതുപോലെതന്നെ ആദ്യത്തെ ദിവസം, 19ആം തീയതി, രണ്ട് സ്ത്രീകളേയും കൊണ്ട് പോകുന്ന അവസരത്തിൽ, പുറം ലോകത്തിനറിയില്ല, പക്ഷേ യുവമോർച്ചയുടെ ഒരു ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അന്നവിടെ ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്, ശ്രീജിത്ത് രണ്ട് സ്ത്രീകളേയും കൊണ്ടുപോയപ്പോൾ അതിന് തടയിടാൻ ശ്രമിച്ചത് എന്ന വസ്തുത നമുക്കറിയാം.

പക്ഷേ അതിനുശേഷം അത് അങ്ങനെയല്ലാതായി തീരത്തക്ക സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയി. അവിടെ പോകുന്ന എല്ലാവരുടേയും ഫോട്ടോയും കാര്യങ്ങളും ഒക്കെയായപ്പോൾ വേറൊരു തലത്തിലേക്ക് പോയി. അതുകൊണ്ട് കോട്ടം ഉണ്ടായി എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നതനുസരിച്ച് പോകുമ്പോൾ ഉണ്ടാകുന്ന നേട്ടം ഒരു ഭാഗത്തും അതേസമയത്ത് എതിരാളികൾ പ്രകോപിപ്പിച്ച് നമ്മളെക്കൊണ്ട്... വഴി ഏതാണ്ട് തെറ്റിച്ചുകൊണ്ടുപോകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നതും. ഒരു സമരത്തെ സംബന്ധിച്ചിടത്തോളം, ഒരു നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ചിടത്തോളം അതിന് അതിന്‍റേതായ പരിമിതികൾ ഉണ്ടാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്.

ഇതൊരു ലോംഗ് സ്റ്റാൻഡിംഗ് ഫൈറ്റ് ആണ്. ആ ഫൈറ്റിന് പല തട്ടുകളുണ്ട്. അവര് കൊണ്ടുപോയിരുന്നെങ്കിലോ? കൊണ്ടുപോയാൽ എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കാൻ കഴിവുള്ള, അതിന് സജ്ജമാക്കപ്പെട്ട താന്ത്രിക സമൂഹമുണ്ട്. ആ തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം, എന്നെ സംബന്ധിച്ചിടത്തോളം, ബിജെപിയിലുണ്ട്. അതിന്‍റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. അന്ന് സ്ത്രീകളെയും കൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തിൽ തന്ത്രി മറ്റൊരു ഫോണിൽ നിന്നും വിളിച്ചു എന്നോട് സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്ക് ശരിയാവുകയും ചെയ്തു.

അദ്ദേഹം അൽപ്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയിട്ടാൽ കോടതിവിധി ലംഘിച്ചു എന്നുവരില്ലേ? കോടതിയലക്ഷ്യം ആകില്ലേ? പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു.

ഞാൻ വിളിച്ച അവസരത്തിൽ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. ഇത് കണ്ടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. കണ്ടംപ്റ്റ് ഓഫ് കോർട്ടിന് കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തിൽ.

തിരുമേനി ഒറ്റയ്ക്കല്ല എന്നു പറഞ്ഞപ്പോൾ രാജീവര്, എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തിൽ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്.  വീണ്ടും അങ്ങനെ തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

എന്തായാലും കണ്ടംപ്റ്റ് ഓഫ് കോർട്ട് വന്നപ്പോൾ ഞാൻ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയും ആയിട്ടാണ് മാർക്സിസ്റ്റുകാർ സുപ്രീംകോടതിയിൽ കണ്ടംപ്റ്റ് ഓഫ് കോർട്ട് നടത്തിയത്. ഞാൻ വെറുതേ പറഞ്ഞതാണെങ്കിലും വെറുതേ അല്ല ആത്മാർത്ഥമായി പറഞ്ഞതാണ്. പക്ഷേ എന്നെ കണ്ടംപ്റ്റിൽ കുടുക്കുമെന്ന് ഒരു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

പക്ഷേ ഭഗവാന്‍റെ നിശ്ചയം. ഞാനും അദ്ദേഹവും ഒന്നിച്ച് കണ്ടംപ്റ്റ് ഓഫ് കോർട്ടിൽ പ്രതികളാകുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നതാണ് വസ്തുത. ഞാനതാ പറഞ്ഞത് സ്ട്രാറ്റജിയാണ്. അത് എങ്ങനെ പോകുമെന്ന് കാണാം. നാളെ മീഡിയകൾ പറയുന്നത് അനുസരിച്ചിട്ട് നമ്മുടെ ഭാഗധേയം നിർണ്ണയിക്കേണ്ടവരല്ല നമ്മൾ.


 

Follow Us:
Download App:
  • android
  • ios