തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം അയ്യായിരത്തില്‍ അധികം ലിറ്റര്‍ വാഷ് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടിയിട്ടുണ്ട്.

വ്യാജമദ്യം ഒഴുകുന്നത് തടയാനുള്ള ജാഗ്രതയിലാണ് സംസ്ഥാനം മുഴുവനും എക്‌സൈസ്. ഓണം അടുത്തതോടെ സെപ്റ്റംബര്‍ പത്ത് വരെ കര്‍ശന പരിശോധനയിലാണ് സംഘം. കോഴിക്കോട് കാരന്തൂരിന് സമീപം എക്‌സൈസ് സംഘം വാഷ് പിടികൂടി. ചാരായം നിര്‍മ്മിക്കുന്നതിനായി വലിയ ഫൈബര്‍ വീപ്പകളില്‍ സൂക്ഷിച്ചിരുന്ന 750 ലിറ്റര്‍ വാഷ് കണ്ടെത്തി എക്‌സൈസ് സംഘം നശിപ്പിച്ചു.

ചാരായം നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 5730 ലിറ്റര്‍ വാഷാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ പിടികൂടി നശിപ്പിച്ചത്. സമീപ കാലത്തൊന്നും ഇത്രയും കൂടുതല്‍ വാഷ് ജില്ലയില്‍ നിന്ന് പിടികൂടിയിട്ടില്ല. 68 അബ്കാരി കേസുകളാണ് 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത്. അതിര്‍ത്ത് കടന്നുള്ള സ്പിരിറ്റ് ഒഴുകുന്നത് തടയാനും കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്.

പുഴത്തീരങ്ങള്‍ പോലെയുള്ള പൊതു സ്ഥലങ്ങളിലാണ് വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ വാറ്റുപകരണങ്ങളും വാഷും സൂക്ഷിക്കുന്നത്. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ഈ തന്ത്രം. ഓണത്തിന് മുന്നോടിയായി ഇത്തരത്തിലുള്ള റെയ്ഡുകള്‍ ഇനിയും തുടരാനാണ് എക്‌സൈസ് സംഘത്തിന്റെ തീരുമാനം.