ഇടുക്കി: സര്‍ക്കാരിനെയും ഭരണകക്ഷിയെയും ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സര്‍പെന്‍ഷന്‍. അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിഐ വി.എ പ്രദീപിനെതിരെയാണ് നടപടി. പ്രദീപ് മാവേലിക്കര എക്‌സൈസ് സിഐ ആയിരുന്നപ്പോള്‍ സര്‍ക്കാരിനേയും ഭരണ കക്ഷിയേയും അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് എക്‌സൈസ് കമ്മീഷണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 

തൃക്കുന്നപ്പുഴ സ്വദേശിയായ ഒരാളുടെ പോസ്റ്റ് പ്രദീപ് ഷെയര്‍ ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞതിനു പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും സര്‍ക്കാരിനെ വിമര്‍ശിയ്ക്കുന്നതും അപവാദ പ്രചരണം നടത്തുന്നതും പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും പ്രദീപിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റച്ചട്ടലംഘനവുമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുന്‍പ് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സ്ഥലം മാറ്റുക മാത്രമാണ് ആദ്യം ചെയ്തത്. അവധിയിലായിരുന്ന എക്‌സൈസ് കമ്മീഷണര്‍ മടങ്ങി എത്തിയതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.