ഇന്നലെയാണ് എക്‌സൈസിനെ കുഴപ്പിച്ച സര്‍ക്കുലര്‍ ആസ്ഥാനത്തുനിന്നും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അയച്ചു കൊടുത്തത്. എക്‌സൈസ് ആസ്ഥാനത്ത് ബോധവത്ക്കരണത്തിന്റെ ചുമതലയുള്ള ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് കമ്മീഷണര്‍ക്കുവേണ്ടി ഉത്തരവിറക്കിയിരിക്കുന്നത്. വിവാഹവീടുകളിലെ മദ്യസല്‍ക്കാരത്തെ കുറിച്ച് എക്‌സൈസ് മന്ത്രിക്ക് ലഭിച്ച നിവേദനമാണ് സര്‍ക്കുലറിനടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വിവാദത്തിന് മൂന്നു ദിവസം മുമ്പ് വിവാഹ വീടുകളില്‍ പോയി മദ്യത്തിന്രെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിയമം ലംഘിച്ചാലുണ്ടാകുന്ന ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കുകയും വേണമെന്നാണ് സര്‍ക്കുലര്‍. 

സര്‍ക്കുലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചു. ഇതെങ്ങനെ നടപ്പാക്കുമെന്ന സംശയവുമായി എക്‌സൈസ് കമ്മീഷണര്‍ക്കുതന്നെ വിളികളെത്തി. അപ്പോഴാണ് സര്‍ക്കുലറിനെ കുറിച്ച് കമ്മീഷണര്‍ അറിഞ്ഞതെന്നാണ് വിവരം. ഉടന്‍ സര്‍ക്കുലര്‍ മരവിപ്പിച്ചതായി എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. തന്റെ അറിവില്ലാതെ സര്‍ക്കുലര്‍ പുറത്തിറിക്കിയ ഉദ്യോഗസ്ഥനോട് ഇന്നു തന്നെ വിശദീകരണം നല്‍കതാന്‍ ആവശ്യപ്പെട്ടതായി ഋഷിരാജ് സിംഗ് പറഞ്ഞു. എന്തായാലും എക്‌സൈസിനെ വല്ലാതെ പുലിവാലുപിടിപ്പിക്കുന്ന സര്‍ക്കുലറിന് പിന്നിലെ തല ആരെന്ന് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.