കൊച്ചി: പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കാരണം പൊതുമരാമത്ത് വകുപ്പാണെന്ന് എക്സൈസ് വകുപ്പ് ഹൈക്കോടതിയില്‍. ദേശീയ പാതയാണെന്ന വിവരം പാതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്ന് എക്‌സൈസ് കോടതില്‍ അറിയിച്ചു. ഇതാണ് കണ്ണൂര്‍ കുറ്റിപ്പുറം പാതയില്‍ ബാറുകള്‍ തുറക്കാന്‍ കാരണമെന്നായിരുന്നു എക്‌സൈസിന്‍റെ വിശദീകരണം.
എന്നാല്‍ എക്‌സൈസിന്റെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് തള്ളി. കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-കഴക്കൂട്ടം റോഡും ദേശീയ പാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2017ലെ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ പറഞ്ഞു. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെയായിരുന്നു സംഭവം.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളുമായാണ് ഹാജരായത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഏറ്റുപറഞ്ഞിരുന്നു.
കുറ്റിപ്പുറം- കണ്ണൂര്‍ പാത സംബന്ധിച്ച് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചേര്‍ത്തല- കഴക്കൂട്ടം ദേശീയപാതയില്‍ ബാറുകള്‍ തുറന്നിട്ടില്ല. ആശയകുഴപ്പമുണ്ടായ കുറ്റിപ്പുറം- കണ്ണൂര്‍ പാതയിലാണ് ബാറുകള്‍ തുറന്നത്. തുറന്ന 13 ബാറുകളും പൂട്ടിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആശയകുഴപ്പം പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് സഹായം തേടിയതായും കോടതിയെ ബോധിപ്പിച്ചിരുന്നു.
മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട കോടതി പിഡബ്ല്യുഡി പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. പൊതുമരാമത്ത് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കുകയും ചെയ്തു.
