വനപ്രദേശത്തിനുള്ളിലെ പരിശോധന നാല് മണിക്കൂറോളം നീണ്ടു. വിദൂര വനപ്രദേശങ്ങളിലെവിടെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടങ്കില്‍ ഡ്രോണിന്റെ സഹായത്തോടെ അവ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കുമെന്നതാണ് പുതിയ പരിശോധനരീതിയുടെ പ്രത്യേകതയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കി: ഇടുക്കിയിലെ കഞ്ചാവ് കൃഷിക്കെതിരെ നടപടി ശക്തമാക്കി എക്സൈസ് വകുപ്പ്. ഇടുക്കി ഡിവിഷനില് നടക്കുന്ന കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായുള്ള പരിശോധന എക്സൈസ് വകുപ്പ് വിപുലമാക്കി. അത്യാധുനിക സംവിധാനമായ ഡ്രോണ് ഉപയോഗിച്ചാണ് വകുപ്പ് വനത്തിനുള്ളില് പരിശോധന നടത്തുന്നത്.
സംസ്ഥാനത്താദ്യമായാണ് അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് കഞ്ചാവ് കൃഷിക്കെതിരായ എക്സൈസ് വകുപ്പിന്റെ പരിശോധന നടക്കുന്നത്. എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗിന്റെ നിര്ദ്ദേശപ്രകാരം മധ്യമേഖല ജോയിന്റെ് എക്സൈസ് കമ്മീഷണര് പി കെ മനോഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്ജ്ജിച്ച കമ്പക്കല്ല്, കടവരി, ചിലന്തിയാര് മേഖലകളില് പരിശോധന നടത്തിയത്.
വനപ്രദേശത്തിനുള്ളിലെ പരിശോധന നാല് മണിക്കൂറോളം നീണ്ടു. വിദൂര വനപ്രദേശങ്ങളിലെവിടെങ്കിലും കഞ്ചാവ് തോട്ടങ്ങളുണ്ടങ്കില് ഡ്രോണിന്റെ സഹായത്തോടെ അവ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കുമെന്നതാണ് പുതിയ പരിശോധനരീതിയുടെ പ്രത്യേകതയെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു. കേരളത്തില് വ്യാപകമായ രീതിയിലുള്ള കഞ്ചാവ് കൃഷിയില്ലെന്ന് പറയുമ്പോഴും അത്തരം കാര്യങ്ങളില് വ്യക്തത വരുത്തുക, എക്സൈസ് വകുപ്പിനെ കൂടുതല് ആധുനികവല്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പുതിയ പരിശോധന സംവിധാനത്തിന് പിന്നിലുണ്ട്.
വരും ദിവസങ്ങളില് ഇടുക്കിയുടെ മറ്റ് പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. ഇടുക്കിയിലെ പരിശോധന, ഫലം കണ്ടാല് വനമേഖല കൂടുതലായുള്ള വയനാടുള്പ്പെടെയുള്ള ജില്ലകളിലേക്കും പരിശോധന ദീര്ഘിപ്പിക്കും. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് ജി പ്രദീപ്, എക്സൈസ് ഇന്സ്പെക്ടര്മാരായ ജി വിജയകുമാര്, സുദീപ് കുമാര്, സദയ കുമാര്, കടവരി കുറിഞ്ഞിമല സാങ്ച്വറി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര് റ്റി പി ഹരിദാസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
