ദുബായ്: ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് തുറന്നു. ലാസ്റ്റ് എക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ തട്ടുകടകളെല്ലാം വാഹനങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആ കാഴ്ചകളിലേക്ക്. ശൈഖ് സായിദ് റോഡില്‍ അബുദാബിയില്‍നിന്ന് ദുബായിലേക്കുള്ള വഴിയില്‍എക്‌സിറ്റ് 11 എടുത്താല്‍ ലാസ്റ്റ് എക്‌സിറ്റില്‍ എത്താം.

വാഹന തട്ടുകടകളുടെ കേന്ദ്രമാണിത്. ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളുടെ വേറിട്ട ഇടം. 12 വാഹനങ്ങളാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. ഡ്രൈവ് ഇന്‍ചെയ്ത് ഭക്ഷണം ഓര്‍ഡര്‍നല്‍കി കഴിക്കാനുള്ള സൗകര്യവും എല്ലാ തട്ടുകടകളിലും ഒരുക്കിയിട്ടുണ്ട്.

മിറാസ് ആണ് ഈ തട്ടുകട പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാം വാഹന സംബന്ധിയായതാണ് എന്നതാണ് ലാസ്റ്റ് എക്‌സിന്റെ പ്രത്യേകത. ടയര്‍ ഉപയോഗിച്ചാണ് പല ഇരിപ്പിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത് വാഹന പാര്‍ട്സുകളും വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളും ഉപയോഗിച്ച്.

ശുചിമുറിയിലും സര്‍വ്വം വാഹനമയം. വാഷ് ബെയ്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത് ടയര്‍ ഉപയോഗിച്ച്. ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയാലേ പൈപ്പിലൂടെ വെള്ളമൊഴുകൂ. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു ഈ തട്ടുകട പാര്‍ക്ക്.