യോഗത്തിനെത്തിയ പലരും രോഗികളെ ദത്തെടുക്കാമെന്ന് ഉറപ്പ് നല്‍കി.
കോഴിക്കോട്: താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സെന്ററിനെ സഹായിക്കാന് പ്രവാസി സമൂഹം വീണ്ടും രംഗത്ത്. മൂന്നു വര്ഷം കൊണ്ട് ഡയാലിസിസ് സെന്ററിന് ഉണ്ടായ സാമ്പത്തിക ബാധ്യത തീര്ക്കുന്നതിനും ഒരു ഷിഫ്റ്റ് കൂടി ആരംഭിക്കുന്നതിന്റെയും ഭാഗമായി ഡയാലിസിസ് വെല്ഫയര് കമ്മിറ്റി ജനകീയ ധനസമാഹരണ പരിപാടി ആരംഭിച്ചിരിന്നു. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്ത്ത യോഗത്തിലാണ് പ്രവാസി പ്രതിനിധികള് സഹായഹസ്തം നീട്ടിയത്.
യോഗത്തിനെത്തിയ പലരും രോഗികളെ ദത്തെടുക്കാമെന്ന് ഉറപ്പ് നല്കി. അല്ലാത്തവര് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഗള്ഫ് മേഖലയില് ഡയാലിസിസ് സെന്റര് പ്രവര്ത്തനങ്ങളുടെ പ്രചരണം നടത്തുന്നതിനും ധനസമാഹരണത്തിനുമായി കമ്മിറ്റി രൂപീകരിക്കാനും ഇതിന് മേല്നോട്ടം വഹിക്കാന് കോഡിനേറ്റര്മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. നേരത്തെ ഒരു കോടിയോളം രൂപ നാട്ടുകാരില് നിന്ന് സ്വരൂപിച്ചാണ് ഡയാലിസിസ് സെന്ററിനായുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നത്. ഭീമമായ തുക സാമ്പത്തിക ബാധ്യത വന്ന സാഹചര്യത്തിലാണ് വീണ്ടും ജനകീയ ധനസമാഹരണത്തിന് ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്.
പ്രവാസികളുടെ സഹകരണത്തോടെ ഗള്ഫ് മേഖലയില് കമ്മിറ്റി നിലവില് വരുന്നതോടെ സെന്ററിന്റെ ദൈനംദിന കാര്യങ്ങള് എളുപ്പത്തില് മുന്നോട്ടു കൊണ്ടു പോവാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആശുപത്രി വികസന സമിതിയും. കഴിഞ്ഞ സര്ക്കാറിന്റെ കാലത്ത് കാരുണ്യ ബെനവലന്റ് ഫണ്ടില് നിന്ന് അനുവദിക്കപ്പെട്ട പത്ത് ഡയാലിസിസ് മെഷീനുകളാണ് സെന്ററിനുള്ളത്. 39 രോഗികള്ക്ക് ദിനേന ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് സെന്ററില് നിലവിലുള്ളത്. ചികിത്സയ്ക്കായി അമ്പതോളം പേര് ഇപ്പോഴും പട്ടികയിലുണ്ട്.
ഇവര്ക്ക് കൂടി ഡയാലിസിസ് ചെയ്യുന്നതിന് അടിയന്തിരമായി ഒരു ഷിഫ്റ്റ് കൂടി ആരംഭിക്കേണ്ടതുണ്ട്. ഒരാള്ക്ക് 13 ഡയാലിസിസ് വീതം അഞ്ഞൂറോളം ഡയാലിസിസുകള് ഇപ്പോള് നടക്കുന്നുണ്ട്. ആശുപത്രിയുടെ വികസനത്തിനായി ഈ മാസം 20-ന് വൈകിട്ട് 4 മണിക്ക് മഹല്ല്-ക്ഷേത്ര-പള്ളി കമ്മിറ്റികളുടെ യോഗം വിളിച്ചു ചേര്ത്തിട്ടുണ്ട്. ഡയാലിസിസ് സെന്ററിനായി കൂടത്തായി ഗ്ലോബല് കെഎംസിസി സ്വരൂപിച്ച ഒന്നാം ഘട്ട ഫണ്ട് ഭാരവാഹികള് കൈമാറി. ഇന്നലെ നടന്ന പ്രവാസികളുടെ യോഗത്തില് ഡയാലിസിസ് വെല്ഫയര് കമ്മിറ്റി ചെയര്മാന് എ. അരവിന്ദന് അധ്യക്ഷത വഹിച്ചു.
