ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ വിദഗ്ധഡോക്ടറാണ് ജോണ്‍ റിച്ചാര്‍ഡ് ബെയ്‍ലി. ക്രിട്ടിക്കല്‍ കെയറിലും (തീവ്രപരിചരണം) അനസ്തീഷ്യയിലും വൈദഗ്ധ്യം നേടിയ ഡോക്ടറാണ് ഇദ്ദേഹം. ഇന്നലെ രാത്രിയോടെയാണ് ഡോക്ടര്‍ ബെയ്‍ലി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. മികച്ച ചികിത്സ തന്നെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയ്‌ക്ക് ലഭിയ്‌ക്കുന്നതെന്നും രണ്ട് ദിവസം കൂടി അവരെ പരിശോധിയ്‌ക്കുന്നതിനായി ഡോക്ടര്‍ ബെയ്ലി ചെന്നൈയിലുണ്ടാകുമെന്നുമാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെയോ ആശുപത്രിയോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഇതിനിടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ജയലളിതയുടെ ആരോഗ്യനില മോശമാണെന്നും പിന്നീട് അവര്‍ മരിച്ചെന്നും എഴുതിയ തമിഴച്ചി എന്ന ബ്ലോഗര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തു.
അതേസമയം, ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം കരുണാനിധി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കരുണാനിധി ഇന്നലെ പുറത്തിറക്കിയ കലൈഞ്ജര്‍ കടിതത്തില്‍ പറയുന്നു. ഊഹാപോഹങ്ങള്‍ അവസാനിപ്പിയ്‌ക്കാന്‍ ജയലളിതയുടെ ഒരു വീഡിയോ സന്ദേശമോ ഫോട്ടോയോ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടാളി മക്കള്‍ കക്ഷിയുള്‍പ്പടെയുള്ള പാര്‍ട്ടികളും സമാനമായ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു. ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടണമെന്നും ആവശ്യമെങ്കില്‍ ഭരണഘടനയുടെ 356 ആം അനുച്ഛേദമനുസരിച്ച് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കാണിച്ച് ഒരു സുപ്രീംകോടതി അഭിഭാഷകന്‍ രാഷ്‌ട്രപതിക്ക് കത്തും നല്‍കി.
