മലപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപുഴയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ സ്ഫോടക വസ്തുവായ മൈനുകള്‍ കണ്ടെത്തിയത്. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അ‍ഞ്ച് മൈനുകളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് കുറ്റിപ്പുറം പാലത്തിനു താഴെ തൂണിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ചെറിയ ചാക്ക് കെട്ട് ഒരാളുടെ ശ്രദ്ധയില്‍പെട്ടത്. പരിശോധിച്ചപ്പോള്‍ സ്ഫോടക വസ്തുവാണെന്ന സംശയത്തില്‍ ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ മൈനുകളാണ് ബോധ്യപെട്ടതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബു സ്ക്വോഡും ഡോക് സ്ക്വോഡും പരിശോധന കൂടുതലൊന്നും കണ്ടെത്താനായില്ല.കണ്ടെത്തിയ മൈനുകള്‍ വിശദമായ പരിശോധനക്കു വേണ്ടി എ.ആർ ക്യാമ്പിലേക്ക് മാറ്റി. തുടരന്വേഷണത്തിനായി മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്റയെ ചുമതലപ്പെടുത്തി.

പട്ടാളക്കാരുപയോഗിക്കുന്ന മൈനുകളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കാലപഴക്കമുള്ളതുകൊണ്ട് നേരത്തെ വെള്ളമുള്ള സമയത്ത് പുഴയില്‍ ഉപേക്ഷിതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.ഇപ്പോള്‍ വെള്ളം വറ്റിയപ്പോള്‍ പാലത്തിന്‍റെ തൂണിനുസമീപം പൊന്തികിടന്നതാവുമെന്നുമാണ് സൂചന.വിശദമായ അന്വേഷണത്തിന് പട്ടാളത്തിന്‍റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.