ഉംറയ്ക്ക് ശേഷം ഹജ്ജിനെത്തുന്ന മലയാളികളടക്കമുള്ള തീർത്ഥാടകർക്ക് തീരുമാനം തിരിച്ചടിയാകും
മെക്ക: ഒരു തവണ ഉംറ നിർവഹിച്ചവർ ഹജ്ജിനെത്തുമ്പോൾ 2000 റിയാൽ ഫീസടയ്ക്കണമെന്ന് ഹറം കാര്യവകുപ്പ്. ഇതനുസരിച്ച് കേരളത്തിൽ നിന്നെത്തുന്ന ഭൂരിഭാഗം തീർത്ഥാടകരും ഫീസ്അടയ്ക്കേണ്ടിവരും.
ആവർത്തിച്ച് ഹജ്ജോ ഉംറയോ നിർവഹിക്കുന്നവരിൽ നിന്ന് അധിക ഫീസ് ഈടാക്കാനാണ്ഹറം കാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇതനുസരിച്ച് ഒരു തവണ ഉംറ നിർവഹിച്ചവർ പിന്നീട് ഹജ്ജിനെത്തിയാലും അധിക ഫീസ് നൽകണം. നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഹജ്ജോ ഉംറയോ നിർവഹിക്കുന്നവർക്ക് മാത്രമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്.
ഉംറയ്ക്ക് ശേഷം ഹജ്ജിനെത്തുന്ന മലയാളികളടക്കമുള്ള തീർത്ഥാടകർക്ക് തീരുമാനം തിരിച്ചടിയാകും. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെ 64,31,604 വിദേശ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചെന്നാണ് കണക്ക്. അടുത്ത മാസം പാതിയോടെ തുടങ്ങുന്ന റമദാനിൽ ഇരുപത് ലക്ഷത്തോളം തീർത്ഥാടകരെത്തുമെന്നാണ് കരുതുന്നത്. റമദാനിൽ ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ജിദ്ദ വിമാനത്താവളം അധികൃതർ അറിയിച്ചു.
ജൂലായിൽ ഉംറ സീസൺ അവസാനിക്കും. മക്കയിലെ ഹറം പള്ളിയിൽ റമദാനിലെ അവസാനത്തെ പത്ത് ദിവസത്തെ പ്രാർത്ഥനയ്ക്കുള്ള രജിസ്ട്രേഷൻ അടുത്തമാസം ഒന്നിന് തുടങ്ങും. ഹറംകാര്യ വകുപ്പിന്റെ വെബ്സൈറ്റ് വഴി മെയ് 30 വരെ രജിസ്റ്റർ ചെയ്യാം. പുരുഷൻമാർക്ക് മാത്രമാണ് പ്രാർത്ഥനയ്ക്ക് അവസരം.
