ഫേസ്ബുക്ക് ചാറ്റ് വിനയായി യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടി യുവതിയും ഭര്‍ത്താവുമടക്കം ആറ് പേര്‍ പിടിയില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടിയ യുവതിയും സംഘവും പിടിയിൽ. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ യുവതിയും ഭർത്താവുമുൾപ്പെടെ ആറ് പേരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. ഫേസ്ബുക്ക് ചാറ്റിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചശേഷം യുവാവിനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് സംഘം പണം തട്ടിയത്. 

വീട്ടിലെത്തിയ യുവാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും, എടിഎം കാർഡും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. കണ്ണമ്മൂല സ്വദേശിനി ജിനു ജയൻ, ഭർത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിൻഷാ, മൻസൂർ, ആഷിക്ക്,വിവേക്, സ്റ്റാലിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.