ബംഗളൂരു: വിദേശത്ത് നിന്നുള്ള നിക്ഷേപകയെന്ന പേരില്‍ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ വീട്ടമ്മയുടെ 95,000 രൂപ തട്ടിയെടുത്തതായി പരാതി. ബ്രിട്ടനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയാണ് സൂസന്‍ ജോണ്‍സ് എന്ന അക്കൗണ്ടില്‍ നിന്ന് ബംഗളുരു സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പിന്നീട് ഇവര്‍ ഫേസ്ബുക്ക് വഴി അടുത്ത സുഹൃത്തുക്കളായി. അടുപ്പം കൂടിയപ്പോള്‍ ഇരുവരും വാട്‍സ്ആപ് നമ്പറും കൈമാറി. കുടുംബചിത്രങ്ങളും പങ്കുവച്ചിരുന്നു.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപമിറക്കാനായി താന്‍ ബംഗളുരുവിലേക്കു വരുന്നുണ്ടെന്നാണ് പിന്നീട് സൂസന്‍ ഇവരെ അറിയിച്ചത്. നവംബര്‍ 28നു ബംഗളൂരുവില്‍ എത്തുമെന്നും അറിയിപ്പ് പിന്നാലെ വന്നു. എത്തുമെന്ന് പറഞ്ഞ ദിവസം കൃത്യസമയമായപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് ഒരു സ്‌ത്രീയുടെ ഫോണ്‍ വിളി യുവതിയെ തേടിയെത്തി. വിമാനത്താവളത്തിലെ ജീവനക്കാരിയാണ് സംസാരിക്കുന്നതെന്നും ഇംഗ്ലണ്ടില്‍നിന്നു സൂസന്‍ ജോണ്‍സ് വിമാനത്താവളത്തിലെത്തിയിട്ടുണ്ടെന്നും അവരുടെ കൈവശം 4.5 കോടി രൂപയുടെ ബ്രിട്ടിഷ് കറന്‍സിയുള്ളതിനാല്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും അറിയിച്ചു.
വിമാനത്താവളത്തില്‍ 1.95 ലക്ഷം രൂപ പിഴയടയ്‌ക്കണമെന്നും എന്നാല്‍ അവരുടെ കൈവശം ഒരുലക്ഷം ഇന്ത്യന്‍ രൂപയേ ഉള്ളൂവെന്നും ഫോണ്‍ വിളിച്ച സ്‌ത്രീ പറഞ്ഞു. ട്രൂ കോളര്‍വഴി പരിശോധിച്ചപ്പോഴും വിളിവന്നതു ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണെന്നു വ്യക്തമായി. സംശയം തോന്നാതിരുന്ന വീട്ടമ്മ, സുഹൃത്തില്‍നിന്ന് 95000 രൂപ കടം വാങ്ങി ഫോണില്‍ വിളിച്ച സ്‌ത്രീ പറഞ്ഞ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ അല്‍പസമയത്തിനുശേഷം വീണ്ടും വിളിച്ച് 2.8 ലക്ഷം രൂപ കൈക്കൂലികൂടി വേണമെന്ന് ആവശ്യപ്പെട്ടു.
സംശയം തോന്നിയ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഇവരുടെ ഫോണിലേക്കു വിളിവന്നിരുന്നതായി പൊലീസ് പറഞ്ഞു.
