ചുങ്കം പുല്ലരിക്കുന്ന്‌ സ്വദേശി മുരളി(38)ക്കെതിരേയാണു പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തത്‌. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: യുവതിയെ സൗഹൃദം നടിച്ചു ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ മിസ്‌റ്റര്‍ ഇന്ത്യയായ നേവി ഉദ്യോഗസ്‌ഥനെതിരേ കേസെടുത്തു. ചുങ്കം പുല്ലരിക്കുന്ന്‌ സ്വദേശി മുരളി(38)ക്കെതിരേയാണു പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തത്‌. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

22 വയസുകാരിയുടെ പരാതിയിലാണു കേസ്‌. ഒരു വീട്ടില്‍ നടന്ന ചടങ്ങിലാണു മുരളി യുവതിയെ പരിചയപ്പെട്ടത്‌. തുടര്‍ന്നു ഫേസ്ബുക്കിലൂടെ ഇരുവരും സൗഹൃദത്തിലായി. മുംബൈയില്‍ നേവിയില്‍ ജോലിയുള്ള മുരളി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും പെണ്‍കുട്ടിയെ കാപ്പി കുടിക്കാനെന്നു പറഞ്ഞു നഗരത്തിലെ ഒരു ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണു കേസ്‌. 

അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു പീഡനവിവരം പുറത്തായത്‌. പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതിനാല്‍ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ ഉച്ചയോടെ പെണ്‍കുട്ടിയുടെ പിതാവ്‌ ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിനു പരാതി നല്‍കി. 

വിവാഹവാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ മുരളി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണു പരാതി. പെണ്‍കുട്ടിയില്‍നിന്നു പോലീസ്‌ മൊഴിയെടുത്തു. ചായകുടിക്കുന്നതിനു തന്നെ വിളിച്ചുകൊണ്ടു പോയ മുരളി, ബലമായി മുറിയില്‍ കയറ്റിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു മൊഴി.