ഹര്‍ത്താലിന് വെല്ലുവിളി, ഹിന്ദുക്കളെ തൊട്ടാല്‍ മുട്ടുകാല് തല്ലിയൊടിക്കും: ബിജെപി പ്രവര്‍ത്തകന്‍റെ എഫ്ബി ലൈവ്

പത്തനംതിട്ട: ദളിത് ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനെ വെല്ലുവിളിച്ചും വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്തിയും ബിജെപി പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് ലൈവ്. ഫേസ്ബുക്ക് ലൈവ് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന്‍റെ കാരണം വ്യക്തമല്ല. ശ്രീജിത്ത് പന്തളം എന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ വര്‍ഗീയ കക്ഷികളായ യൂത്ത് ലീഗും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ നടത്തുന്നതാണെന്നും തന്‍റെ സ്ഥാപനം നാളെ തുറക്കുമെന്നും അറിയിച്ച് ശ്രീജിത്ത് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ ഫേസ്ബുക്കില്‍ ശക്തമായ പ്രതികരണമെത്തിയിരുന്നു. നാളെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭൂരിഭാഗം കമന്‍റുകളും. എന്നാല്‍ കട തുറക്കുമെന്ന് ശ്രീജിത്തും വാദിച്ചു.

തുടര്‍ന്ന് ഹര്‍ത്താല്‍ ദിനമായ ഇന്ന് രാവിലെ കടയിലെത്തിയ ശ്രീജിത്ത് ഒരു ഫേസ്ബുക്ക് ലൈവു കൂടി പോസ്റ്റ് ചെയ്തു. കുളനട ജങ്ഷനിലുള്ള സ്റ്റുഡിയോ തുറന്നുവച്ചുകൊണ്ട് താന്‍ കട തുറന്നിട്ടുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ വരണമെന്നും കാണിച്ചായിരുന്നു ലൈവ്. ഏതെങ്കിലും ഹൈന്ദവന്‍റെ വണ്ടി തടയുകയോ കട അടപ്പിക്കുകയോ ചെയ്താല്‍ ഒരാളും നടന്ന് പോകില്ലെന്നും ശ്രീജിത്ത് പറഞ്ഞു. സമരം നടത്തുന്ന തെണ്ടികള്‍ അഭ്യാസം കാണിക്കാന്‍ ഇറങ്ങിയാല്‍ അത് വീട്ടില്‍ പറഞ്ഞിട്ട് വരണമെന്നായിരുന്നു ശ്രീജിത്തിന്‍റെ ഭീഷണി.