കോട്ടയം: വീട്ടിലേക്കുള്ള വഴിയടച്ച് ഗേറ്റിന് മധ്യഭാഗത്തായി സി.പി.ഐ സ്ഥാപിച്ച കൊടിമരത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട ഉടമയ്ക്കും കുടുംബത്തിനും മര്‍ദ്ദനം. വീട്ടുടമ കോട്ടയം തുരുത്തി സ്വദേശി എബ്രഹാം തോമസിനെയും കുടുംബാംഗങ്ങളെയും സി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അര്‍ധരാത്രിയോടെ എത്തിയ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ശേഷം കൊടിമരം വീടിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചതായും എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

2005ല്‍ വാങ്ങിയ വീട്ടില്‍ ജോലിസംബന്ധമായി ഗള്‍ഫിലായതിനാല്‍ ആരും തമാസമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് 2016ല്‍ താമസം തുടങ്ങാനെത്തിയപ്പോള്‍ വീടിന്റെ ഗേറ്റിന് മധ്യഭാഗത്തായി കൊടിമരം സ്ഥാപിച്ചിരിക്കുന്നു. വാഹനങ്ങള്‍ അകത്തേക്ക് കയറ്റാനോ ഇറക്കാനോ സാധിക്കാത്ത തരത്തിലായിരുന്നു കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. ഇത് സ്ഥാപിക്കുന്ന സമയത്ത് തന്നെ എബ്രഹാമിന്റെ സഹോദരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത് നീക്കാന്‍ അവര്‍ തയ്യാറായില്ല. പൊലീസ് മുതല്‍ കളക്ടര്‍മാര്‍ വരെയുള്ളവരെ സമീപിച്ചു. യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കാനിരിക്കെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും എബ്രഹാം പറഞ്ഞു.

കൊടിമരം സ്ഥാപിച്ച സമയത്ത് യാതൊന്നും പറഞ്ഞില്ലെന്നാണ് സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ വാദം. അതേസമയം കൊടിമരം മാറ്റി സ്ഥാപിക്കാന്‍ പണം ആവശ്യപ്പെട്ടതായും എബ്രഹാം പറയുന്നു. ഇനി കോടതിയെ സമീപിക്കുക മാത്രമെ രക്ഷയുള്ളൂ എന്ന് പറഞ്ഞാണ് എബ്രഹാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ന്റെ സ്ഥിതിയാണ് ദയനീയം 

2005ല്‍ വാങ്ങിയ വീടാണ്, ജോലി സംബന്ധിച്ച് വിദേശത്തായിരുന്നതിനാല്‍ 2016 വരെ ഇവിടെ ഞങ്ങള്‍ താമസിച്ചിട്ടില്ല.
2015ല്‍ കൊടിമരം വച്ചു, ഞങ്ങളാരും അറിഞ്ഞില്ല. അറിഞ്ഞ ഉടനേ എന്റെ സഹോദരന്‍ പാര്‍ട്ടിയിലുള്ള പലരേയും സമീപിച്ചു. ഒന്നും നടന്നില്ല. 
2016 ഏപ്രില്‍, ഞാന്‍ ജോലി തീര്‍ന്നു നാട്ടില്‍ വന്ന സമയം മുതല്‍ മെയ് മാസം 9 വരെ (അന്നാണ് ഞങ്ങള്‍ ഇവിടേയ്ക്ക് താമസം മാറിയത്) പല നേതാക്കന്മാരോടും മാറി മാറി സംസാരിച്ചു..ആരും സഹായിച്ചില്ല.
പിന്നെ KSTP MC റോഡിന്റെ പണിതുടങ്ങി, അപ്പോള്‍ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു... 
2016 സെപ്റ്റംബറില്‍ കളക്ടര്‍ക്കു പരാതി കൊടുത്തു.
കളക്ടര്‍ ആദ്യം KSTP ക്കും തഹസീല്‍ദാര്‍ക്കും നിര്‍ദേശം: വേണ്ട നടപടിയെടുക്കാന്‍- സ്വാഹ.ഒന്നും നടന്നില്ല. 
ഇപ്പോള്‍ പറയുന്നു ഞാനാണ് കുറ്റക്കാരന്‍....സ്ഥാപിച്ച സമയത്ത് ആരും പരാതി പറഞ്ഞില്ലെന്ന്..ദയനീയം.
ഇപ്പോള്‍ ഇതാണ് സ്ഥിതി. 
എല്ലാ പാവപ്പെട്ടവന്റേയും അവസാന ആശ്രയമായ
കോടതി തന്നെ ശരണമെന്നു തോന്നുന്നു. High Court ല്‍; ജയശങ്കര്‍ വക്കീലിനെ തന്നെ ഏല്പിക്കണം....പക്ഷെ CPM അനുഭാവിയായ എന്റെ ഈ കേസ് അദ്ദേഹം എടുക്കുമോ ആവോ.



നിരവധിപേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വീടിനു മുന്നിലെത്തിയ സിപിഐ പ്രവര്‍ത്തകര്‍ തന്നെയും സഹോദരനെയും അമ്മയേയുമടക്കം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എബ്രഹാം പറയുന്നു. തുടര്‍ന്ന് അവര്‍ തന്നെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. ആക്രമണത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയതായി എബ്രഹാം പറഞ്ഞു. ഫേസ്ബുക്കില്‍ എബ്രഹാം ഇട്ട പോസ്റ്റ് പതിനായിരത്തോളം പേരാണ് ഷെയര്‍ ചെയ്തത്.