സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചു ഫ്രാൻസിന്റെ ആരാധകനായിരുന്നു ഫിറോസ് നോട്ട് ബുക്ക് നിറയെ ഫുട്ബോൾ വരകൾ
സെന്റ്പീറ്റേഴ്സ് ബർഗ് സ്റ്റേഡിയത്തിൽ ഇന്ന് ഫ്രാൻസ് സെമി കളിക്കുമ്പോൾ ഇവിടെ കണ്ണൂരിലെ ആദികടലായി എന്ന ഗ്രാമത്തിലിരുന്ന് കയ്യടിക്കാൻ ഫിറോസില്ല. നോട്ട് ബുക്കുകളും വീടിന്റെ ഭിത്തിയും നിറയെ ഫ്രാൻസിന്റെ പതാക വരച്ചു ചേർത്ത്, തീരത്തൊരു ചെരുപ്പും ഉമ്മയ്ക്കും അനിയനും കണ്ണീരും ബാക്കി വച്ച് അവൻ മരണത്തിലേക്ക് നടന്നുപോയിക്കഴിഞ്ഞു. ഫിറോസും ഫഹദും കൂട്ടുകാരും പന്ത് തട്ടിക്കളിച്ച കടൽത്തീരത്ത് കുട്ടികൾ ഫുട്ബോൾ കളിച്ചിട്ട് ദിവസങ്ങളായി. കളിസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചുവന്ന ഒറ്റചെരുപ്പ് കിടപ്പുണ്ട്. പന്തെടുക്കാൻ പോയൊരു പതിനഞ്ചു വയസ്സുകാരന്റെ ജീവനും മരണവും തമ്മിൽ മത്സരിച്ചപ്പോൾ ജയിച്ചത് മരണമായിരുന്നു. തോറ്റു പോയത് ഒരു പാവം ഉമ്മയും രണ്ട് സഹോദരങ്ങളും.
ഫിറോസിന്റെ അനിയൻ ഫഹദ് ഇപ്പോഴും കണ്ണു നിറഞ്ഞ് ആഗ്രഹിക്കുന്നു. ''എന്റിക്കാക്ക തിരിച്ചു വന്നാ മതിയാരുന്ന് ന്റെ അള്ളാ'' വെറുതെയാണെങ്കിലും അത് ശരി വച്ച് അനിയൻ അവനോട് ചേർന്നു നിൽക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂർ ആദികടലായി അഴിമുഖത്ത് ചെളിയിൽ പുതഞ്ഞ് ഫിറോസ് മരണത്തിന് കീഴടങ്ങിയത്. പന്തെടുക്കാൻ അഴിയിൽ ഇറങ്ങുന്ന സമയത്ത് അനിയനും കൂട്ടുകാരനും വെള്ളത്തിൽ മുങ്ങിയപ്പോൾ ഓടി വന്നതായിരുന്നു ഫിറോസ്. ഇവരെ രണ്ടുപേരെയും തുഴഞ്ഞ് കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും ഫിറോസ് ചെളിയിൽ പുതഞ്ഞു പോയിരുന്നു. ചെളിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ശ്വാസകോശം നിറയെ ചെളി നിറഞ്ഞിരുന്നു. അഞ്ചു ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ഫിറോസ് മരിച്ചത്.
ഫ്രാൻസ് ആയിരുന്നു ഫിറോസിന്റെ ഇഷ്ട ടീം. വീടിന്റെ ഭിത്തിയിൽ ഭംഗിയായി ഫ്രാൻസിന്റെ പതാക വരച്ചു ചേർത്തിരിക്കുന്നു. നോട്ട് ബുക്കിൽ സ്കെച്ച് പേന കൊണ്ട് ഇഷ്ട ടീമുകളെ പതാകയും മത്സരങ്ങളും ഗ്രൂപ്പും വിജയവും തരംതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ഫുട്ബോളിനോടുള്ള പ്രണയം മൂത്ത് ഫിറോസിന്റെ ടീഷർട്ടിലും ഒരു ബോളിന്റെ ചിത്രം തുന്നിച്ചേർത്തിട്ടുണ്ട്. ഫിറോസില്ലാത്ത ആ വീട്ടിൽ കണ്ണീരുണങ്ങാതെ അവന്റെ അമ്മയും സഹോദരങ്ങളും മാത്രം.

ഫിറോസിന്റെ വീട്ടിലെത്തി അവന്റെ ഉമ്മയെയും അനിയനെയും നേരിട്ട് കണ്ട് സംസാരിച്ച അനുഭവത്തിലൂടെ കടന്നു പോകുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വിപിൻ മുരളി. ''ഇരുട്ട് മൂടിയ അകത്തളത്തെ ഉയരം കുറഞ്ഞ കട്ടിളപ്പടിയിൽ ഫിറോസിന് കിട്ടിയ ക്ലാവ് പിടിച്ച മെഡലുകൾ തൂക്കിയിട്ടിരിക്കുന്നു. കടൽ കാറ്റടിച്ച് ഇടക്കിടെ കൂട്ടിയിടിച്ച് അവ തേങ്ങിക്കരയുന്നപോലെ തോന്നി.-'' വിപിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പുഴയിൽ മുങ്ങിയ സുഹൃത്തുക്കളെയും സഹോദരനെയും രക്ഷിക്കുന്നതിനിടെ അപകടത്തിൽപെട്ട ഫിറോസിന്റെ ഉമ്മയെ കാണാൻ സഹൽ സി . മുഹമ്മദിനൊപ്പം ഇന്നലെ ആദികടലായിലെ ആ പഴയ വീട്ടിൽ പോയിരുന്നു. ചികിത്സക്ക് പണമില്ലാതെ അത്രക്ക് വിഷമിക്കുന്നുണ്ടായിരുന്നു ആ കുടുംബം. ഇഷ്ട ടീമായ ഫ്രാൻസിന്റെ പതാക സ്കെച്ച് കൊണ്ട് വരച്ച് ഉമ്മറത്തൂണിൽ ഒട്ടിച്ചിരുന്നു. "ഫിറോസിന് ഫുട്ബോളെന്ന് പറഞ്ഞാ ജീവനാണ്. നല്ല മോനാ നല്ലോണം പഠിക്കും കളിക്കാൻ പോയതായിരുന്നു ന്റെ മോൻ. സഹായിക്കണം." ഉമ്മയുടെ ശബ്ദം ഇടറിയപ്പോളാണ് "കരയല്ലുമ്മാ"എന്നു പറഞ്ഞ് ഉമ്മയുടെ കണ്ണു തുടച്ചുകൊടുക്കുന്ന സഹോദരൻ ഫഹദിനെ ശ്രദ്ധിച്ചത്. കരഞ്ഞ് തളർന്ന മുഖമായിരുന്നു അവന്. "എന്നെ രക്ഷിക്കാനല്ലെ ഇക്ക ചാടിയത്." കണ്ണു തുടച്ചുകൊണ്ട് മരുന്ന് വെച്ച്കെട്ടിയ കാൽ മുടന്തി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപകടത്തിൽ പരുക്ക് പറ്റിയതാണ് കാലിന്. ആഴിയിൽ മുങ്ങിയവരെ രക്ഷിക്കുന്നതിനിടെ ഫിറോസ് ചെളിയിൽ പൂണ്ട് പോയി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആന്തരികാവയവങ്ങളിൽ ചെളി കയറിയിരുന്നു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവൻ.
"ഇക്കാക്ക ഒന്ന് വീട്ടില് വന്നാ മതിയായിരുന്നു ന്റെ അള്ളാ" അനുജൻ ഫഹദ് ചങ്കിടറിക്കരഞ്ഞപ്പോഴേക്കും സഹൽ അവനെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ചങ്കിൽ കൊള്ളിയാൻ പോയ വേദന. ഇരുട്ട് മൂടിയ അകത്തളത്തെ ഉയരം കുറഞ്ഞ കട്ടിളപ്പടിയിൽ ഫിറോസിന് കിട്ടിയ ക്ലാവ് പിടിച്ച മെഡലുകൾ തൂക്കിയിട്ടിരിക്കുന്നു. കടൽ കാറ്റടിച്ച് ഇടക്കിടെ കൂട്ടിയിടിച്ച് അവ തേങ്ങിക്കരയുന്നപോലെ തോന്നി. നോട്ടു പുസ്തകങ്ങളിലെ അവന്റെ കൂട്ടക്ഷരങ്ങളിലുടെ കണ്ണോടിക്കുമ്പോളാണ് ഫിഫ വേൾഡ്കപ്പ് റഷ്യ എന്ന് നീട്ടി എഴുതി ഓരോ മത്സരങ്ങളും ഗ്രൂപ്പും വിജയവും തരം തിരിച്ച പേജുകൾ കാണുന്നത്. ഇഷ്ട ടീമുകളുടെ പതാകകൾ വരച്ച് ഭംഗിയാക്കിയത് കണ്ടാലറിയാം ആ ഒൻപതാം ക്ലാസുകാരൻ ഫുട്ബോളിനെ എത്രമേൽ പ്രണയിച്ചിരുന്നെന്ന്.
ആദികടലായിത്തീരത്തേ ചെളിക്കുണ്ടിനടുത്തുള്ള മണൽത്തീരത്ത് കൂട്ടുകാർ ഫുട്ബോൾ കളിച്ചിട്ട് ദിവസങ്ങളായി. ഫിറോസിനെയും കാത്ത് ഉണക്കക്കമ്പുകൾ ചേർത്ത് കെട്ടിയുണ്ടാക്കിയ ഗോൾ പോസ്റ്റുകൾ കാറ്റത്ത് വീഴാതെ കാത്തിരുപ്പുണ്ടായിരുന്നു. തിരമാലകളുടെ ദേഷ്യം നോക്കിനിന്ന് ഞങ്ങൾ മടങ്ങുമ്പോഴെക്കും ഫിറോസിന്റെ മരണവാർത്ത എത്തിയിരുന്നു. മൊബൈലിൽ ഫഹദ് അയച്ചു തന്ന അവന്റെ പടം നോക്കിയപ്പോളാണ് ശ്രദ്ധിച്ചത് കുപ്പായത്തിലും ഫുട്ബോൾ തുന്നിവച്ചിരിക്കുന്നു. ലോകം താംലുവാങ്ങ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിലേക്ക് ഉറ്റു നോക്കുമ്പോൾ നമുക്കും അഭിമാനിക്കാം. ഫിറോസും നിരവധി ജീവനുകൾ രക്ഷിച്ചാണ് മൈതാനത്തുനിന്ന് മടങ്ങുന്നത്. അവനും അർഹിക്കുന്ന ബഹുമതി നമുക്ക് കൊടുക്കാനാകണം.
ഇന്ന് അവന്റെ പ്രിയപ്പെട്ട ഫ്രാൻസിന്റെ സെമിയാണ്. പറുദീസയിലെ വലിയ ഗ്യാലറിയിൽ ഇരുന്ന് അവൻ കണ്ണിമചിമ്മാതെ കളികാണുമായിരിക്കും. ദൈവമേ ആ കുടുംബത്തിന്റെ വേദനയിൽ താങ്ങാവണേ...
