കത്വ പെണ്‍കുട്ടിയുടെ പേര് മകള്‍ക്കിട്ട് മാധ്യമ പ്രവര്‍ത്തകന്‍ 

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ക്കൊണ്ട് വയറാലായിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ മകളുടെ പേരിടല്‍ വാര്‍ത്ത. ഫേസ്ബുക്കിലൂടെയായിരുന്നു പേരിട്ട വിവരം രജിത് പങ്കുവച്ചത്. മാധ്യമ പ്രവര്‍ത്തകനായ രജിത് റാമാണ് തന്‍റെ മകള്‍ക്ക് കത്വ പെണ്‍കുട്ടിയുടെ പേരാണ് ഇട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കുറിപ്പും മകളുടെ ചിത്രവും ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. 

മണിക്കൂറുകള്‍ക്കകം രജിത്തിന്‍റെ പോസ്റ്റ് വൈറലായി കാല്‍ ലക്ഷത്തോളം ലൈക്കാണ് പോസ്റ്റിന് ലഭിച്ചത്. 17000ത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. കത്വാ സംഭവം കേട്ടതുമുതല്‍ ഏറെ വേദനയുണ്ടായിരുന്നെന്നും അങ്ങനെയാണ് ഈ പേരിടലിന് കാരണമായതെന്നും രജിത് പറയുന്നു.

ഒരു രാഷ്ട്രീയവും ഇതിന് പിന്നിലില്ല. കത്വയിലെ പെണ്‍കുട്ടിക്ക് എട്ട് വയസാണെങ്കില്‍ എന്‍റെ മൂത്ത മകള്‍ക്ക് ഏഴ് വയസുണ്ട്. തന്‍റെ മകളു തന്നെയാണ് അവളും- രജിത് പറയുന്നു. ഭാര്യയോട് സംസാരിച്ച് ഒരുമിച്ചാണ് ഈ പേരിടാന്‍ തീരുമാനിച്ചതെന്നും രജിത് വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തില്‍ കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ് രജിത് റാം.