തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ തീരത്ത് ഭീതിയൊഴിയാതെ നില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കള്ളപ്രചരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരെയായിരിക്കും. കാരണം മറ്റൊന്നുമല്ല, കാറ്റിനേക്കാള്‍ വേഗത്തിലായിരുന്നു കള്ളപ്രചരണങ്ങള്‍ നടന്നത്. കള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ അതിന്റെ ദുര്‍മുഖം ഒരിക്കല്‍ കൂടി പുറത്തെടുത്തു.തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ എട്ട് കിലോമീറ്റര്‍ ഉള്‍വലിഞ്ഞു, കന്യാകുമാരിയില്‍ സുനാമി ആഞ്ഞടിച്ചു, 200ലധികം മരണങ്ങള്‍... ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കുടിയേറിയെത്തിയവരാണ് തിരുവനന്തപുരം നഗരത്തില്‍ കൂടുതലുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീളുന്നു നിര. ഇവര്‍ക്കെല്ലാം നിര്‍ത്താതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഭയാശങ്കരായ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു മറുവശത്ത്. വാട്‌സ് ആപ്പില്‍ കണ്ടു, ഫേസ്ബുക്കില്‍ കണ്ടു എന്നായിരുന്നു ഇവരുടെയെല്ലാം വിശദീകരണം എന്നതാണ് ശ്രദ്ധേയം. 

24 മണിക്കൂര്‍ ചാനലുകളില്‍ തത്സമയ വാര്‍ത്താ സംപ്രേക്ഷണം ചെയ്തു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കൃത്യമായ വാര്‍ത്താ അപ്‌ഡേറ്റുകള്‍ നടന്നു, പത്രങ്ങളില്‍ വിശദമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു, എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നതാണ് അനുഭവം. കള്ളപ്രചരണങ്ങള്‍ക്ക് കാറ്റിനേക്കാള്‍ വേഗതയും ശക്തിയുമുണ്ടെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്. 

സെലിബ്രേറ്റികളെ നേരത്തെ കൊല്ലുന്നതു പോലെ അപകടം നിറഞ്ഞതാണ് ഇത്തരം പ്രചരണങ്ങളും. ആധികാരികമല്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. വാര്‍ത്തകള്‍ വിശ്വാസയോഗ്യമായ മാധ്യമങ്ങളില്‍ നിന്ന് മാത്രം മനസിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക, കാരണം ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ വീണ്ടും മറ്റൊരു ദുരന്തത്തിന് നിങ്ങളുടെ ഒരു 'ഷെയര്‍' കാരണമായേക്കും. ഈ തിരിച്ചറിവല്ലാതെ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ വേറെ മാര്‍ഗങ്ങളില്ലെന്നു തന്നെ പറയേണ്ടി വരും.