എം.എന്‍.എയില്‍ നിന്നും പാര്‍ലമെന്റ് സീറ്റിലേക്കു മത്സരിക്കുന്ന മേമുന ഖാന്റെ മുഖം പോസ്റ്ററുകളില്‍ കാണാനില്ല. സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും യോജിച്ച പ്രതിനിധികള്‍ തന്നെ ഇവരെല്ലാം.

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ തെര‍ഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളിൽ വനിതാ സ്ഥാനാർത്ഥിയുടെ മുഖം പതിക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം രൂ​ക്ഷമാകുന്നു. സ്ത്രീപക്ഷവാദികളും സ്ത്രീകളും ഇതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. 'പോസ്റ്ററുകളിൽ മുഖം വ്യക്തമാക്കാൻ തയ്യാറാകാത്തവരാണോ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നത്' എന്നാണ് ഇവരുടെ ചോദ്യം. മെംബർ നാഷണൽ അസംബ്ളി സ്ഥാനാർത്ഥിയായ മേമുന ഹമീദിന്റെ മുഖമില്ലാത്ത പോസ്റ്ററാണ് തെരഞ്ഞെടുപ്പ് വിവാദ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. 

സാമൂഹിക പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രെഹം ഖാനാണ് ഇതിനെതിരെ ട്വിറ്ററിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ''എം.എന്‍.എയില്‍ നിന്നും പാര്‍ലമെന്റ് സീറ്റിലേക്കു മത്സരിക്കുന്ന മേമുന ഖാന്റെ മുഖം പോസ്റ്ററുകളില്‍ കാണാനില്ല. സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും യോജിച്ച പ്രതിനിധികള്‍ തന്നെ ഇവരെല്ലാം'' എന്നായിരുന്നു രെഹം ഖാന്റെ ട്വിറ്റര്‍ കുറിപ്പ്.

Scroll to load tweet…

ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ പാകിസ്ഥാനിൽ അരങ്ങേറിയിട്ടുണ്ട്. പാകിസ്ഥാന്‍ തെഹ്‌രീഖ് ഇ ഇന്‍സാഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായ സയേദ സഹ്‌റ ബാസിത് ബൊഖാരിയുടെ പേരിനൊപ്പം ചിത്രത്തിനു പകരം ഭര്‍ത്താവിന്റെ ചിത്രം പതിച്ചതും വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ സയേദ വിഭാ​ഗത്തിൽ പെട്ട സ്ത്രീയാണ് സഹ്റ ബാസിത് എന്നും ഇവർ തങ്ങളുടെ ഫോട്ടോ പരസ്യപ്പെടുത്താറില്ലെന്നുമായിരുന്നു വിശദീകരണം. 

ജൂലായ് 25നാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ പത്ത് മില്യനോളം സ്ത്രീകൾക്ക് വോട്ടവകാശം ഇല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 97 മില്യൺ വോട്ടർമാരാണുള്ളത്. എന്നാൽ അതിൽ വെറും 43 മില്യൺ മാത്രമാണ് സ്ത്രീകൾ. വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ കംപ്യൂട്ടറൈസ്ഡ് വോട്ടേഴ്സ് ഐഡി പോലും ഇവിടത്തെ സ്ത്രീകൾക്ക് ലഭ്യമായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.