തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പാ തിരിച്ചടക്കാനാകാതെ ജീവനൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു.കഴിഞ്ഞ രണ്ടു വർഷത്തിനിടെ 22 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. പഠിക്കാൻ മിടുക്കിയായിരുന്നു തൃശൂർ അന്നമട പൂവത്തുശേരി കളവംപാറ വീട്ടിൽ കാർത്തിക.എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉയർന്ന മാർക്ക്.വിദ്യാഭ്യാസ വായ്പയെടുത്ത് ബിഎസ് സി നേഴ്സിങ്ങ് പഠിച്ചു.അതിലും ഫസ്റ്റ് ക്ലാസ്.ജോലിക്ക് കയറിയത് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ.തുച്ഛമായ വേതനം.അമിതമായ ജോലിഭാരം.വായ്പ തിരിച്ചടക്കാൻ ആയില്ല.ജപ്തി നോട്ടീസ് വീട്ടിലെത്തിയ വിവരം അറിഞ്ഞ് കാർത്തിക ജീവനൊടുക്കി.

വായ്പാ കെണിയിൽ കുരുങ്ങിയ ചങ്ങനാശേരി കിളിമല കുഴിത്തകിടി വീട്ടിൽ വിജയമ്മയ്ക്ക് നഷ്ടമായത് ഭർത്താവ് നളിനാക്ഷനെയാണ്.മകൾ അശ്വതിയുടെ നേഴ്സിങ്ങ് പഠനത്തിനായി ഒന്നരലക്ഷം വായ്പയെടുത്തിരുന്നു.തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് അധികൃതരെത്തി.ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ വീടും ഇത്തിരിപ്പോന്ന സ്ഥലവും നഷ്ടമാകുമെന്ന വേദനയിൽ മനംനൊന്തു.ഹൃദയാഘാതം ജീവനെടുത്തു.

വിദ്യാഭ്യാസ വായ്പാകെണിയിൽപ്പെട്ട് ഓരോ വർഷവും നിരവധി പേരാണ് ജീവിതം അവസാനിപ്പിക്കുന്നത്.രണ്ടു വർഷത്തിനിടെ 22 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ റിപ്പോർട്ട്. അതേസമയം,വായ്പാ തിരിച്ച് പിടിക്കാൻ ബാങ്ക് ഉന്നതർ ആവശ്യപ്പെടുമ്പോൾ നോട്ടീസ് അയക്കാതെ മറ്റ് മാർഗമില്ലെന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്.