പട്‌ന: ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ 'തടവിലായ' അമ്മയെ രക്ഷിക്കാന്‍ ഭിക്ഷ യാചിച്ച് ഏഴുവയസുകാരന്‍. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലളിതാദേവിക്കും കുടുംബത്തിനുമാണ് ദുരനുഭവം. 12 ദിവസം ആശുപത്രിയില്‍ തടഞ്ഞുവച്ച യുവതിയെ പപ്പു യാദവ് എംപി ഇടപെട്ടതോടെ പൊലീസ് മോചിപ്പിച്ചു.
മാധേപ്പുരയില്‍ നിന്നുള്ള ലളിതയെ (31) കഴിഞ്ഞ 14ന് ആണു പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നിര്‍ധന്‍ റാം 25,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. അടുത്ത ദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. പിന്നീട് 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണമിടയ്ക്കാന്‍ കുടുംബത്തിന് നിവര്‍ത്തിയുണ്ടായില്ല. പണമില്ലെന്നു നിര്‍ധന്‍ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
നിസ്സഹായാവസ്ഥയിലായ നിര്‍ധനും മകന്‍ കുന്ദനും ഗ്രാമത്തിലേക്കു മടങ്ങി. നാട്ടുകാരില്‍ നിന്നു പണം കണ്ടെത്താനായിരുന്നു ശ്രമം. പണത്തിനായി ഏഴുവയസുകാരനായ ഇവരുടെ മകന്‍ കുന്ദന്‍ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുയായിരുന്നു. ഇതോടെ നാട്ടുകാര്‍ സ്ഥലം എംപിയായ പപ്പു യാദവിനെ വിവരമറിയിച്ചു. അദ്ദേഹം പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ നിന്നു മോചിപ്പിക്കുകയായിരുന്നു.
