മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു. രണ്ടാംപ്രതി വിപിന്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രാദേശിക നേതാവാണ് വിപിന്‍. രാവിലെ ഏഴരയോടെയാണ് തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ച് വിപിന് വെട്ടേറ്റത്.വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ റോഡരുകില്‍ കണ്ട വിപിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
നിര്‍മ്മാണ ജോലിക്കാരനായ വിപിന്‍ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ വരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.ആര്‍.എസ്.എസ് തൃപ്പങ്ങോട് മണ്ടലം ശാരീരിക് ശിക്ഷഖ് പ്രമുഖാണ്. മതം മാറിയതിന്റെ പേരില്‍ ഫൈസല്‍ എന്ന യുവാവ് കൊടിഞ്ഞിയില്‍ ആറുമാസം മുമ്പ് കൊല്ലപെട്ട കേസില്‍ രണ്ടാം പ്രതിയാണ് വിപിന്‍.
കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബി.ജെ.പി ആരോപിച്ചു.ഇന്ന് രാത്രി എട്ടുമണിവരെ തിരൂര്‍ താലൂക്കില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. പ്രതികളെക്കുറിച്ച് പൊലീസിന് ചില സുചനകള്‍ കിട്ടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍ നഗരസഭയിലെ പൊലീസ് ലൈന്‍ മുതല്‍ തലക്കാട്,തൃപ്പങ്ങോട് പഞ്ചായത്തുകളില്‍ പതിനഞ്ച് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
