ദില്ലി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടുന്ന ജോലിയും ഡിഗ്രിയും അത് കണ്ടെത്തുന്ന നിമിഷം ഇല്ലാതാകുമെന്ന് സുപ്രീംകോടതി. അത് ഇനി 20 വര്‍ഷത്തിന് ശേഷമാണ് കണ്ടെത്തുന്നതെങ്കിലും ജോലിയും ഡിഗ്രിയും നഷ്‌ടമാകുമെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ലെന്ന് മുംബായ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിന്റെ ഉത്തരവ്. ജോലിയും ഡിഗ്രിയും നേടാന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത് എന്ന് കണ്ടെത്തിയാല്‍ ആ നിമിഷം അത് രണ്ടും റദ്ദാകുമെന്ന് കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലി നേടി 20 വര്‍ഷത്തിന് ശേഷമാണ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതെങ്കിലും ജോലിയും ഡിഗ്രിയും നഷ്‌ടമാകുമെന്ന് കോടതി പറഞ്ഞു. കൂടാതെ തട്ടിപ്പ് നടത്തിയതിനുള്ള നിയമനടപടികളും നേരിടേണ്ടിയും വരുമെന്നും കോടതി ഉത്തരവിട്ടു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആരെങ്കിലും ജോലി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ 1832 നിയമനങ്ങള്‍ വ്യാജ ജാതി സര്‍ട്ടാഫിക്കറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് 276 പേരെ സസ്‌പെന്‍റ് ചെയ്യുകയും, 521 പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 1035 പേര്‍ക്കെതിരെയുള്ള നടപടികളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇവര്‍ക്കൊക്കെ സുപ്രീംകോടതി ഉത്തരവോടെ ജോലിയും ഡിഗ്രിയും ഇല്ലാതാകും.
