ചെങ്ങന്നൂര്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാന്‍ വ്യാജപരാതികള്‍

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ നില്‍ക്കുന്ന ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേരൊഴിവാക്കാന്‍ വ്യാജപരാതികള്‍ നല്‍കുന്നത് പതിവാകുന്നു. മണ്ഡലത്തിലെ ബുധനൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം അന്‍പതോളം പേര്‍ക്കെതിരെയാണ് വ്യാജപരാതി ലഭിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി മണ്ഡലത്തില്‍ താമസിക്കുന്ന പലര്‍ക്കുമെതിരെ താമസം മാറിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് കൂടുതല്‍ വ്യാജപരാതികളും വന്നിരിക്കുന്നത്. ചില വോട്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകനായ മനോജിനെ തഹസില്‍ദാര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ആണ് പരാതികളെല്ലാം വ്യാജമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്.

താന്‍ ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ലെന്നും തന്റെ തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പ് വച്ചാണ് വ്യാജപരാതികള്‍ നല്‍കിയിരിക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണെന്നുമാണ് മനോജ് പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു.