ഇടുക്കിയില്‍ പൊലീസ് 37,92,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാറില്‍ നാലു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസ്സിന്‍റെ തുടരന്വേഷണത്തിലാണ് കള്ളനോട്ടും പ്രതികളെയും പിടികൂടിയത്. പുതിയ അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട് മധുര സ്വദേശി രാജുഭായ് എന്നു വിളിക്കുന്ന അന്‍പ് സെല്‍വം, ഇടുക്കി നെടുങ്കണ്ടം സ്വദേശി രമേശ് എന്നു വിളിക്കുന്ന സുനില്‍കുമാര്‍, പുറ്റടി സ്വദേശി രവീന്ദ്രന്‍ നായര്‍, ചാവക്കാട് സ്വദേശി ഫൈസു എന്നു വിളിക്കുന്ന ഷിഹാബുദീന്‍, കരുനാഗപ്പള്ളി ആദിനാദ് സ്വദേശി കൃഷ്ണ കുമാര്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ തേനി, കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ബോഡിമെട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് പ്രതികളെയും കള്ളനോട്ടും പിടികൂടിയത്. ഇവരില്‍ രണ്ടു പേര്‍ പത്തു വര്‍ഷമായി കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നടത്തുന്നവരാണ്.