തൃശൂര്‍: തൃശൂരിൽ 16 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തൃശൂർ മതിലകം സ്വദേശി അശോകനാണ് ഷാ‍ഡോ പൊലീസിന്‍റെ പിടിയിലായത്. ഈ മാസം ആറാം തിയ്യതിയാണ് തൃശൂർ നഗരത്തിലെ ഹോട്ടലിൽ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വിദേശികളോടൊപ്പം ഒരു മലയാളി മുറി വാടകയ്ക്ക് എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ മതിലകം സ്വദേശി അശോകൻ പിടിയിലാകുന്നത്.ഗൾഫിൽ മദ്യം വിറ്റതിന് അശോകൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇവിടെ നിന്ന് പരിചയപ്പെട്ട രണ്ട് കാമറൂൺ സ്വദേശികളോടൊപ്പം നാട്ടിലെത്തിയാണ് കള്ളനോട്ടടിച്ച് വിതരണം ചെയ്യാൻ തുടങ്ങിയത്.

പ്രതികൾ എത്ര ലക്ഷം രൂപയുടെ കള്ളനോട്ട് അടിച്ചിട്ടുണ്ടെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.ഇവർ കള്ളനോട്ടടിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്താനുണ്ട്. മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.