നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ വൃദ്ധയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടിയിലെ എസ്.ബി.ടി ശാഖയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശിയായ മറിയുമ്മ എന്ന 65 വയസുകാരി ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണത്തില്‍ നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. 49,000 രൂപയായിരുന്നു ഇവര്‍ ബാങ്കില്‍ കൊണ്ടുവന്നത്. ഇതില്‍ 37,000 രൂപയും കള്ളനോട്ടുകളാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആയിരം രൂപയുടെ നോട്ടുകളായായിരുന്നു പണം കൊണ്ടു വന്നത്. ഗള്‍ഫിലുള്ള മകന്‍ വീടു പണിക്കായി അയച്ചു തന്ന പണമാണിതെന്നും വീട് നിര്‍മ്മാണത്തില്‍ ബാക്കി വന്ന തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയതാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ബാങ്ക് അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred