കൊച്ചി: രണ്ടായിരം രൂപയുടെ വ്യാജ കറന്‍സിയുമായി ആസാം സ്വദേശി പെരുമ്പാവൂരില്‍ പിടിയിലായി. ആസാം സ്വദേശിയായ ജിയ റുൾ ഹഖ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. 2000 രൂപയുടെ 33 നോട്ടുകൾ ഇയാളിൽ നിന്ന് പിടിച്ചു. രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജിയ റുൾ ഹഖ് പിടിയിലായത്. പെരുമ്പാവൂര്‍ സി ഐ, എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജിയ റുൾ ഹഖിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എവിടെനിന്നാണ് വ്യാജ കറന്‍സി ലഭിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന കേരളത്തില്‍ വ്യാജ കറന്‍സികള്‍ എത്തുന്നുണ്ടെന്ന സംശയം പൊലീസിന് ബലപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരുന്നു.