കൊച്ചി: പുതിയ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടും പ്രചാരത്തില്‍. കോതമംഗലത്ത് ബാങ്കിലെത്തിയ നോട്ട്, ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. കോതമംഗലത്തെ സ്വകാര്യ കമ്പനിയുടെ ശാഖയില്‍ കളക്ഷന്‍ തുകയായി ലഭിച്ച പണത്തിലാണ് കള്ളനോട്ടുണ്ടായിരുന്നത്. പണം കൈകാര്യം ചെയ്തിരുന്ന ജീവനക്കാര്‍ക്ക് ഇത് മനസ്സിലായിരുന്നില്ല. സ്ഥാപന ഉടമ പണം ബാങ്കിലടക്കാന്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. നോട്ടില്‍ 500 എഴുതിയിരിക്കുന്നതിന് സമീപത്തെ നിറവ്യത്യാസവും, ത്രെഡില്‍ ആര്‍ബിഐ എന്ന് എഴുതാത്തതുമാണ് സംശയം ജനിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയാനാവില്ല. നോട്ട് രണ്ടായി പകുത്ത് ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്.