മലപ്പുറം എടപ്പാളില്‍ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. ഹൃദ്രോഗ വിദഗ്ധനെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തിയിരുന്ന പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള റഹീം മമ്മുവാണ് പൊലീസിന്‍റെ പിടിയിലായത്.

കൊടുങ്ങല്ലൂര്‍ കരുപ്പീടിക സ്വദേശി റഹീം മമ്മുവാണ് വ്യാജ ചികിത്സയ്‍ക്കിടെ പൊലീസിന്‍റെ പിടിയിലായത്. പരിശോധന നടത്തുന്ന ക്ലിനിക്കിലെത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അദ്ദേഹം നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. എംബിബിഎസും എംഡിയുമടക്കം ഓൺലൈനില്‍ സംഘടിപ്പിച്ച വിവിധ ബുരുദങ്ങളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ക്ലിനിക്കില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.ചോദ്യം ചെയ്യലില്‍ പത്താംക്ലാസ് മാത്രമാണ് വിദ്യഭ്യാസയോഗ്യതയെന്ന് റഹീം മമ്മു പൊലീസിനോട് സമ്മതിച്ചു.

അഞ്ചുമാസം മുമ്പാണ് അണ്ണക്കംപാട്ടെ ടൂറിസ്റ്റ് ഹോമില്‍ റഹീം സെയ്ഫ് ഹാര്‍ട്ട് എന്ന പേരില്‍ ഇയാള്‍ ക്ലിനിക്ക് തുടങ്ങിയത്. വേറെ രണ്ടു ഡോക്ടര്‍മാരുടെ പേരുകൂടി ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും ക്ലിനിക്കില്‍ വന്നിരുന്നതും ചികിത്സ നടത്തിയിരുന്നതും റഹിം മമ്മുമാത്രമാണ്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ വ്യാജഡോക്ടറെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.