ക്രൈം നംമ്പര്‍ 93 ബാര്‍ 18 - 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇടുക്കി: സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജരേഖ ചമച്ച് കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസന്‍ എന്ന ദുരൈപാണ്ടിക്കെതിരെയാണ് ദേവികുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം നംമ്പര്‍ 93 ബാര്‍ 18 - 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസില്‍ ഒന്നിലധികം പ്രതികള്‍ ഉള്ളതിനാലാണ് ക്രൈം 34 പ്രകാരം കേസെടുത്തിട്ടുള്ളത്.

ദേവികുളം തഹസില്‍ദ്ദാര്‍ ഏപ്രില്‍ 5 ന് നല്‍കിയ പരാതിയില്‍ പോലീസ് കേസുടുക്കാന്‍ തയ്യറായിരുന്നില്ല. തുടര്‍ന്ന് സംഭവം വിവാദമായതോടെ 28 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദേവികുളം കച്ചേരി സെന്റില്‍ മെന്റിലെ 15 ഏക്കര്‍ ഭൂമി പണയപ്പെടുത്തി കോട്ടയത്തെ സ്വകാര്യ കമ്പനിയില്‍ നിന്നും മൂന്നര ക്കോടി രൂപ തട്ടിയെടുക്കുന്നതിനാണ് പാസ്റ്റര്‍ പദ്ധതി തയ്യറാക്കിയത്. ഇതിനായി ഭൂമിയുടെ രേഖകള്‍ കമ്പനിയില്‍ ഹാജരാക്കുകയും ചെയ്തു. 

എന്നാല്‍ ഭൂമിയുടെ രേഖകളില്‍ ക്യത്രിമം കണ്ടെത്തിയ കമ്പനിയുടമകള്‍ ദേവികുളം തഹസില്‍ദ്ദാരെ സമീപിക്കുകയും ദൂരൈപാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കമ്പനിയുടമകളുമായുള്ള ഇയാളുടെ സംഭാഷണങ്ങള്‍ മെമ്മറിക്കാര്‍ഡിലാക്കി തെളിവ് സഹിതമാണ് തഹസില്‍ദ്ദാര്‍ പോലീസിന് പരാതി കൈമാറി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പറഞ്ഞ് പോലീസ് കേസ് വൈകിപ്പിക്കുകയായിരുന്നു.