അമേരിക്ക ഇറാനെ ആക്രമിക്കുന്നത് തടയാൻ സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇടപെട്ടു. യുദ്ധമുണ്ടായാൽ പശ്ചിമേഷ്യയിലാകെ പ്രത്യാഘാതങ്ങൾ വ്യാപിക്കുമെന്നും ഈ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.
ദില്ലി: അമേരിക്ക ഇറാനെ ആക്രമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അറബ് രാഷ്ട്രങ്ങൾ ഇടപെട്ടു. അമേരിക്കയുമായും ഇറാനുമായും പല രാജ്യങ്ങളും ചർച്ച നടത്തിയതായാണ് വിവരം. അമേരിക്ക ഇറാനെ ആക്രമിച്ചാൽ പ്രത്യാഘാതം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നീക്കം. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് യുദ്ധം ഒഴിവാക്കാൻ ഇടപെട്ടത്. അതേസമയം തത്കാലം ഇറാനെ ആക്രമിക്കില്ലെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ്.
ഇറാനെതിരായ യുഎസ് ആക്രമണം പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം അമേരിക്കയെയും ബാധിക്കുമെന്ന് അറബ് രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ഒരു യുദ്ധത്തിലേക്ക് നീങ്ങിയാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഇത് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നാണ് ഗൾഫിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
അതേസമയം സൗദിയോ, ഖത്തറോ, ഒമാനോ, ഈജിപ്തോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒമാനും ഖത്തറും ഇറാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ്. അതേസമയം സൗദി അറേബ്യയും ഈജിപ്‌തും അമേരിക്കയുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ്. പതിറ്റാണ്ടുകളോളം ശത്രുതയിലായിരുന്ന ഇറാനുമായി സൗദി 2023 ൽ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇരു രാജ്യങ്ങളുമായും ബന്ധമുള്ള അറബ് രാഷ്ട്രങ്ങൾ വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവരം.
അമേരിക്ക സൈനിക നീക്കം നടത്തിയാൽ ഇറാൻ നടത്തുന്ന പ്രത്യാക്രമണം ഏതൊക്കെ നിലയിലാവുമെന്ന് അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ട്. ഗൾഫ് നാടുകളിലെ എണ്ണപ്പാടങ്ങളടക്കം ആക്രമിക്കപ്പെട്ടേക്കുമെന്നും സൗദി അടക്കമുള്ള രാജ്യങ്ങളുടെ ആശങ്ക വർധിപ്പിച്ചു. ഇതെല്ലാം ഇപ്പോഴത്തെ സമാധാന നീക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.


