ഇടുക്കി: വ്യാജ പട്ടയവും റവന്യൂ രേഖകളും നല്‍കി ബാങ്കില്‍ നിന്നും പണം തട്ടിയ സംഘത്തെ വെള്ളത്തുവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളാകോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ രാജാക്കാട് സ്വദേശി പി ഡി ദേവസ്യയടക്കമുള്ള നാലുപേരെയാണ് പൊലിസ് പിടികൂടിയത്.

കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കില്‍ നിന്നും ഇരുപത് ലക്ഷംരൂപാ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. രണ്ടായിരത്തി എട്ടിലാണ് പി ഡി ദേവസ്യയുടെ നേതൃത്വത്തില്‍ വ്യാജ പട്ടയവും കൃത്രിമമായി നിര്‍മ്മിച്ച റവന്യൂ രേഖകളും ഹാജരാക്കി ബാങ്കില്‍ നിന്നും കാര്‍ഷിക ലോണ്‍ എടുക്കുന്നത്. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാതെ വന്നതോടെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോദനയിലാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം വെള്ളത്തുവല്‍ പൊലീസ്സില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായി നടത്തിയ അന്വേഷണത്തില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. പത്തുവര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. രേഖകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ശേഖരിക്കേണ്ടി വന്നതിനാലാണ് അറസ്റ്റ് നീണ്ടതെന്ന് പോലീസ് പറഞ്ഞു

 രാജാക്കാട് സ്വദേശികളായ പുപി ഡി ദേവസ്യ കരിമ്പന്‍കാലായില്‍ ജോസഫ് മാത്യൂ , ഉരുമ്പില്‍ ബാലന്‍ ചെമ്മണ്ണാര്‍ സ്വദേശി നിരപ്പേല്‍ മാത്യൂ എന്നിവരെയാണ് രാജാക്കാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇതില്‍ തട്ടിപ്പിന്റെ സൂത്രധാരനായ പി ഡി ദേവസ്യ രണ്ടായിരത്തി പന്ത്രണ്ടില്‍ ചതുരംഗപ്പാറ വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ തീയിട്ട് നശിപ്പിച്ച കേസിലുള്‍പ്പെചടെ നിരവധി കേലസുകളില്‍ പ്രതിയാണ്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.