ഇടുക്കി: മൂന്നാര്‍ എല്ലപ്പെട്ടിയിലെ എസ്റ്റേറ്റില്‍ നിന്ന് 170 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കന്നാസുകളിലായി തെയിലത്തോട്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന മദ്യം കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം ചിറ്റി വാര എസ്റ്റേറ്റില്‍ പരിശോധനകള്‍ നടത്തിയത്. തെയില തോട്ടത്തിലെ 10 നംബര്‍ ബ്ലോക്കിന് സമീപത്ത് അഞ്ച് കന്നാസുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാസം 9ന് തലയാര്‍ എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ 1400 ലിറ്ററിലധികം സ്പിരിറ്റ് സംഘം കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. 

ചിറ്റി വാരയില്‍ രണ്ടു പേര്‍ക്കെതിരെ എക്‌സൈസ് സംഘം കേസെടുത്തിട്ടുണ്ട്. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ മദ്യവില്‍പന വ്യാപിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പരിശോധനകള്‍ തുടരുകയാണ്.