വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: നിപ വൈറസ് ബാധിതനായ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌ത്രീ ശബ്ദത്തിലുള്ള വോയിസ് ക്ലിപ്പായും ടെക്‌സ്റ്റ് മെസേജായുമാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. 

ശംഖുമുഖം ബീച്ചിനു സമീപം മാര്‍ട്ടിന്‍ ലോറന്‍സ് എന്ന വ്യക്തി നിപ്പാ വൈറസ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവിലാണെന്നും ഇയാളുടെ ബന്ധുക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ല എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിപ ബാധിതരായ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആര്‍.എം.ഒ ഡോ ജി മോഹന്‍ റോയ് അറിയിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്.