കൊല്ലം ഈസ്റ്റ് സി.ഐയുടെതേന്ന പേരില്‍ ഒപ്പും സീലും പതിച്ചതാണ് വ്യാജ സന്ദേശം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

കൊല്ലം: വരുന്ന റമാദാന്‍ മാസത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാചകര്‍ ഒഴുകിയെത്തുന്നുവെന്നും ഇവരെ സൂക്ഷിക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ഈസ്റ്റ് സി.ഐയുടെതേന്ന പേരില്‍ ഒപ്പും സീലും പതിച്ചതാണ് വ്യാജ സന്ദേശം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. റമദാൻ മാസത്തില്‍ യാചകരുടെ വേഷത്തില്‍ ക്രമിനല്‍ സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ഒരു നയാപൈസയും കൊടുക്കരുതെന്നും സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ നിന്ന് വാതില്‍ തുറക്കാതെ പറഞ്ഞുവിടണമെന്നും പറയുന്നു. 2018 ഓഗസ്റ്റ് 16ലെ തീയ്യതി വെച്ചുള്ള അറിയിപ്പ് ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാനും പ്രയാസമില്ല. എന്നാല്‍ വാട്സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു സന്ദേശവും പൊലീസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‍റ, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.