തന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സജിത മഠത്തില്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ‘ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? please help me!’ എന്ന് സജിത ഫേസ്ബുക്കില്‍ കുറിച്ചു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ നുണപ്രചാരണം. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്ന് പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടി പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

പന്തളം കൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമാണ് രാധ തമ്പുരാട്ടിയെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, പ്രചാരണത്തോട് ഒപ്പം നല്‍കിയിരിക്കുന്ന ചിത്രം സിനിമ, നാടക അഭിനേത്രിയായ സജിത മഠത്തിലിന്‍റേതാണ്. ‘പന്തളം രാജകൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു..

''ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും.. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ.. ഈ മാതൃശാപം എന്നും അഗ്നിയായ് നീറി നില്‍ക്കട്ടേ’' എന്നാണ് സജിത മഠത്തിലിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം.

തന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സജിത മഠത്തില്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ‘ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? please help me!’ എന്ന് സജിത ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, പന്തളം അമ്മയുടേതെന്ന പേരില്‍ സമാനമായ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ” എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ..മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും ഗതി പിടിക്കില്ല..

സന്താന ലബ്ധിക്കായി അവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം” എന്നിങ്ങനെയായിരുന്നു പന്തളം അമ്മയുടെ വാക്കുകള്‍. എന്നാല്‍, ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം രാജ കുടുംബാംഗത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയതോടെ ആ പ്രചാരണം അവസാനിച്ചു.