പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിന്റെ ഡെവലപ്പറായി നല്‍കിയിരിക്കുന്നത് narendramodi1234@gmail.com എന്ന ഇ-മെയില്‍ അഡ്രസും ദില്ലിയിലെ ബിജെപി ആസ്ഥാനത്തിന്റെ വിലാസവുമാണ്. എന്നാല്‍ വ്യാജ ആപ്ലിക്കേഷന്‍ info@narendramodi.press എന്ന ഇ-മെയില്‍ വിലാസം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിലാസമായി നല്‍കിയിരിക്കുന്നതാവട്ടെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നും. narendramodi.press എന്ന ഡൊമൈന്‍ ബംഗ്ലാദേശിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ ഡൊമൈനിലുള്ള വെബ്സൈറ്റ് തുറന്നാല്‍ പ്രധാനമന്ത്രിയുടെ ഒര്‍ജിനല്‍ ആപും സര്‍ക്കാറിന്റെ My Gov ആപും ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കാണ് ലഭിക്കുന്നത്.

വ്യാജ ആപ്പില്‍ സര്‍ക്കാറിനെക്കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ മന്‍ കി ബാത് പ്രഭാഷണം വരെ എല്ലാ ഭാഷകളിലും വ്യാജന്‍ നല്‍കുന്നു. ആപിന്റെ ഉടമസ്ഥരായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെയാണ് കാണിച്ചിരിക്കുന്നത്. എന്‍ഐസിയുടെ ഔദ്ദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കും പ്രധാനമന്ത്രിക്ക് സന്ദേശമയക്കാനുള്ള സംവിധാനവുമൊക്കെ ഈ വ്യാജ ആപ്പിലുണ്ട്. പരസ്യ വരുമാനം ലക്ഷ്യമിട്ടാണ് വ്യാജനെ ഇറക്കിയതെന്നാണ് കരുതപ്പെടുന്നത്.