അസാധു നോട്ടുകള്‍ക്കൊപ്പം ബാങ്കുകളില്‍ തിരിച്ചെത്തിയത് കള്ളനോട്ടുകളും. സംസ്ഥാനത്ത് എസ്ബിടിയില്‍ മാത്രം ഒമ്പത് ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് എത്തിയെന്നാണ് കണക്ക്. വന്‍ തോതില്‍ കള്ളനോട്ട് എത്തിയെന്ന് സംശയിക്കുന്ന അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം തുടങ്ങി.

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം, പത്താം തീയതി മുതലാണ് ബാങ്കുകളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് 38,000 കോടി രൂപയുടെ പഴയ നോട്ട് ബാങ്കുകളില്‍ തിരിച്ചെത്തി. എസ്ബിടിയില്‍ മാത്രം 12,894 കോടി രൂപയുടെ പഴയ നോട്ടുകള്‍ എത്തിയിട്ടുണ്ട്. ഇതില്‍ 8,94,000 രൂപ കള്ളനോട്ട് ആണെന്നാണ് കണ്ടെത്തിയത്. എസ്ബിടിയുടെ കേരളത്തിലെ 1180 ശാഖകളിലെയും കണക്കാണിത്.

ആകെ തിരിച്ചെത്തിയ തുകയുടെ 0.00069 % ശതമാനമാണ് കള്ളനോട്ട്. വിപണിയില്‍ പ്രചാരത്തിലുണ്ടെന്ന് വിശ്വസിക്കുന്ന കള്ളനോട്ടിന്‍റെ കണക്കനുസരിച്ച്, ഇത് ചെറിയ തുകയാണെന്നാണ് ബാങ്കിന്‍റെ വിലയിരുത്തല്‍. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിച്ചുതന്നെ, കള്ളനോട്ട് എത്തിയ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എസ്ബിടി അധികൃതര്‍ അറിയിച്ചു. കള്ളനോട്ടാണെന്ന് അറിയാതെ, ചെറിയ തുകയുടെ വിനിമയം നടത്തിയ ഉപഭോക്താവിന് മുഴുവന്‍ മൂല്യവും ലഭിക്കും. എന്നാല്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്, വന്‍ തോതില്‍ കള്ളനോട്ട് എത്തിയ അക്കൗണ്ടുകളെ കുറിച്ച് വിശദമായി അന്വേഷിക്കും. പൊലീസില്‍ പരാതി നല്‍കുന്നതിനൊപ്പം, റിസര്‍വ് ബാങ്കിനും ബാങ്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും.