അഭിമന്യുവിനെ കൊന്നവരോടൊപ്പമെന്ന് വ്യാജപോസ്റ്റുകള്‍: പുറത്തിറങ്ങാനാവാതെ യുവാവ്

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രചാരണത്തിന്റെ മറ്റൊരു ഇരയാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ദഹീൽ. അഭിമന്യുവിന്റെ കൊലയാളികളെ അനുകൂലിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ മുഖചിത്രം ദഹീലിന്റെതാണ്. വ്യാജ പ്രചാരണം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ.

കത്തി കണ്ടാൽ ഭയക്കുന്നവരല്ല സഖാക്കൾ എന്ന് പറഞ്ഞ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. അതിൽ ഒരാൾ ഇപ്പോളില്ല. രണ്ടുപേർ അധികനാൾ ജീവിക്കില്ല. ഫേസ്ബുക്കിൽ റിസ്വാൻ റിസു എന്ന അക്കൗണ്ടിലൂടെ പ്രചരിച്ച സന്ദേശം ഇതായിരുന്നു. അക്കൗണ്ടിന്റെ മുഖചിത്രം കോഴിക്കോട് സ്വദേശി മുഹമ്മദ് ദഹീലിന്‍റേതാണ്.

വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ ചിത്രം ഉപയോഗിച്ചതു മൂലം ഭീഷണി നേരിടുന്ന ദഹീല്‍

പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് ദഹീൽ സുഹൃത്തുക്കൾ വഴി വിവരമറിയുന്നത്. പോസ്റ്റിന് താഴെ ഭീഷണി രൂപത്തിൽ കമന്റുകൾ വന്നുതുടങ്ങിയതോടെ പാലക്കാട് ജോലി ചെയ്തിരുന്ന ദഹീൽ അവധിയെടുത്ത് വീട്ടിലെത്തി. മൂന്ന് മാസം മുന്പ് ദഹീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വ്യാജപ്രൊഫൈലിൽ ഉള്ളത്. ഫറൂഖ് പൊലീസ് പരാതിയിൽ അന്വേഷണം തുടങ്ങി. സൈബർ സെല്ലും പരാതിയെകുറിച്ച് അന്വേഷിക്കുന്നുണ്ട്.