മാനന്തവാടി പീച്ചംകോട് പൊരുന്നന്നൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഡിവൈന്‍ ആയുര്‍വേദ' എന്ന സ്ഥാപന നടത്തിപ്പുകാരെയാണ് നാട്ടുകാര്‍ ചൊവ്വാഴ്ച വെള്ളമുണ്ട പോലീസിലേല്‍പ്പിച്ചത്. ​

വയനാട്: പാരമ്പര്യ ചികിത്സയുടെ മറവില്‍ വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് യുവതിയെയും സംഘത്തെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മാനന്തവാടി പീച്ചംകോട് പൊരുന്നന്നൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഡിവൈന്‍ ആയുര്‍വേദ' എന്ന സ്ഥാപന നടത്തിപ്പുകാരെയാണ് നാട്ടുകാര്‍ ചൊവ്വാഴ്ച വെള്ളമുണ്ട പോലീസിലേല്‍പ്പിച്ചത്. 

പോലീസ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തി. സ്ഥാപനം നടത്തിപ്പുകാരിയായ ഇടുക്കി ചെറുതോണിയിലെ ചമ്പകുളത്ത് സന്തോഷിന്റെ ഭാര്യ സുജാത (47), സഹായികളായ തൊടുപുഴ തോയാലില്‍ വീട് ജോണ്‍(59), എറണാകുളം കുട്ടിമാക്കല്‍ ഐശ്വര്യ(26) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കാണ് സെന്ററില്‍ ഇവര്‍ ചികിത്സ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പീച്ചംകോടിന് പുറമേ മേപ്പാടി, ഗൂഡല്ലൂര്‍, അമ്പലവയല്‍ തുടങ്ങിയ സ്ഥലങ്ങളിലും സംഘം ചികിത്സ നടത്തി വരുന്നുണ്ട്. പള്ളിക്കല്‍ സ്വദേശിയായ പതിനാലുകാരനെ ആസ്തമയ്ക്ക് ചികിത്സിച്ചതിന്റെ ഭാഗമായി കുട്ടിയുടെ ശരീരം നീര് വെച്ച് ഗുരുതരവസ്ഥയിലായിരുന്നു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും കുട്ടിയുടെ നീര്‍കെട്ട് ഭേദമായിരുന്നില്ല. 

ഒടുവില്‍ വെല്ലൂരില്‍ കൊണ്ടുപോയി ചികിത്സിച്ചതിന് ശേഷമാണ് ചെറിയ ആശ്വാസം ലഭിച്ചതത്രേ. ഈ വിവരം ചികിത്സകരെ അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് അറസ്റ്റിലായവര്‍ ചൊവ്വാഴ്ച പീച്ചംകോട്ടെ സ്ഥാപനത്തിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ ആരോപണ വിധേയരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷമാണ് പോലീസ് കേസെടുത്തത്.