ഇന്ന് പനാമയ്‌ക്കെതിരേ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ടുണിഷ്യന്‍ നിരയില്‍ ഫഖ്‌റുദീന്‍ സ്‌ട്രൈക്കറുടെ വേഷത്തിലുണ്ടാവില്ല.

മോസ്‌കോ: അപൂര്‍വ നിയോഗമാണ് ടുണീഷ്യന്‍ സ്‌ട്രൈക്കര്‍ ഫഖ്‌റുദീന്‍ ബെന്‍ യൂസഫിന് വന്നുച്ചേര്‍ന്നിരിക്കുന്നത്. ഇന്ന് പനാമയ്‌ക്കെതിരേ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ടുണിഷ്യന്‍ നിരയില്‍ ഫഖ്‌റുദീന്‍ സ്‌ട്രൈക്കറുടെ വേഷത്തിലുണ്ടാവില്ല. ഇന്ന് ബാറിന് കീഴില്‍ നില്‍ക്കാനാണ് സ്‌ട്രൈക്കറുടെ നിയോഗം. കാരണം ഇപ്പോള്‍ ടുണീഷ്യന്‍ ആകെയുള്ളത് ഒരു ഗോള്‍ കീപ്പര്‍ മാത്രമാണ്.

മൂന്ന് ഗോള്‍കീപ്പര്‍മാരുമായി റഷ്യയിലെത്തിയ ടുണീഷ്യന്‍ ടീമില്‍ മൂന്നാം ഗോള്‍ കീപ്പറായ അയ്‌മെന്‍ മത്‌ലൗത്തി മാത്രമാണ് ബാക്കിയായി ഉള്ളത്. മറ്റു രണ്ട് ഗോള്‍കീപ്പര്‍മാര്‍ക്കും പരിക്കേറ്റതാണ് പ്രശ്‌നം. ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ മോസ് ഹസന് ഇംഗ്ലണ്ടിനെതിരേ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റു. രണ്ടാം ഗോള്‍കീപ്പര്‍ ഫറൂഖ്് ബിന്‍ മുസ്തഫ ആയിരുന്നു അതിനു ശേഷം ടുണീഷ്യയുടെ വലകാത്തത്.

എന്നാല്‍ ബെല്‍ജിയത്തിനോട് അഞ്ച് ഗോള്‍ വാങ്ങിയതിന് പിന്നാലെ നടന്ന ട്രെയിനിങ്ങിനിടെ പരിക്കേറ്റത് കാരണം ഫറൂഖിനും ഇനി ലോകകപ്പില്‍ കളിക്കാനാവില്ല. ഫിഫ നിയമപ്രകാരം ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ കീപ്പറെ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. പുതിയ ഗോള്‍ കീപ്പറെ അനുവദിക്കണമെന്ന് ടുണീഷ്യ ഫിഫയോട് ആവശ്യപ്പെട്ടെങ്കിലും അപേക്ഷ നിരസിച്ചു. ഇതോടെയാണ് ഫഖ്‌റുദീനെ ഗോള്‍ കീപ്പറാക്കാന്‍ തീരുമാനിച്ചത്. ബെഞ്ചില്‍ രണ്ടാം ഗോളിയായി ഫഖ്‌റുദീന്‍ ഇരിക്കും. കളിക്കുന്ന കീപ്പര്‍ക്ക് പരിക്കേറ്റാല്‍ ഫഖ്‌റുദ്ദീന്‍ ഗ്ലൗസണിയും.